- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കുടുങ്ങി വിൻഡീസ് താരങ്ങൾ; ഒരു വിമാനം അയച്ച് തന്നെ രക്ഷിക്കണമെന്ന് റൊണാള്ഡോയോട് അപേക്ഷിച്ച് അക്കീൽ ഹൊസൈൻ

കൊൽക്കത്ത: ടി20 ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്. അനിശ്ചിതത്വം നീളുന്നതിനിടെ, തന്നെ രക്ഷിക്കാൻ ഒരു വിമാനം അയച്ചുതരണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് എക്സിലൂടെ അഭ്യർത്ഥിച്ചിരിക്കുകയാണ് വിൻഡീസ് താരം അക്കീൽ ഹൊസൈൻ. സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട വിൻഡീസ് താരങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല.
"ഈ ഘട്ടത്തിൽ ഒരു വിമാനം അയച്ച് എന്നെ രക്ഷിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെടുന്നതാകും നല്ലത്" - അക്കീൽ കുറിച്ചു. 24 മണിക്കൂറിനുള്ളിൽ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുമെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് ഉറപ്പുനൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ നീങ്ങാത്തതാണ് താരത്തെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയോട് അഞ്ച് വിക്കറ്റിന് തോറ്റതോടെയാണ് വിൻഡീസിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചത്. ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങിയ ടീമിന് പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം വില്ലനായി. വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചതോടെ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ ടീം അംഗങ്ങൾ കൊൽക്കത്തയിലെ ഹോട്ടലിൽ തന്നെ തുടരുകയാണ്.
യാത്രയെക്കുറിച്ച് കൃത്യമായ വിവരം നൽകണമെന്ന് പരിശീലകൻ ഡാരൻ സമി ഐസിസിയോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം യാത്ര അതീവ സങ്കീർണ്ണമാണെന്നും താരങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിൻഡീസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കാനാവൂ.
അതേസമയം, വിൻഡീസ് നിരയിലെ ചില താരങ്ങൾ നാട്ടിലേക്ക് മടങ്ങാതെ ഇന്ത്യയിൽ തന്നെ തുടർന്നേക്കും. വരാനിരിക്കുന്ന ഐപിഎൽ സീസണിനായി തങ്ങളുടെ ഫ്രാഞ്ചൈസികൾക്കൊപ്പം നേരിട്ട് ചേരാനാണ് ഇവരുടെ നീക്കം. ഗൾഫ് മേഖലയിലെ സംഘർഷം അയവുവന്നില്ലെങ്കിൽ കരീബിയൻ കരുത്തരുടെ മടക്കയാത്ര ഇനിയും വൈകാനാണ് സാധ്യത.


