ചെന്നൈ: ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമയെ ടീമിൽ നിന്ന് മാറ്റുന്നതിനെതിരെ മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. അഭിഷേകിന് പകരം സഞ്ജു സാംസണെ ഓപ്പണിംഗ് സ്ഥാനത്ത് പരിഗണിക്കണമെന്ന വാദങ്ങൾക്കിടെയാണ് താരത്തിന് പിന്തുണയുമായി അശ്വിൻ രംഗത്തെത്തിയത്. അഭിഷേക് ക്രീസിൽ ഉറച്ചാൽ എതിരാളികൾക്ക് അത് വലിയ വെല്ലുവിളിയാകുമെന്നും, സഞ്ജുവിനെ ടീമിലെത്തിക്കാൻ തിടുക്കം കാട്ടേണ്ടതില്ലെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. അതേസമയം, ഓഫ് സ്പിന്നർമാർ അഭിഷേക് ശർമയുടെ ദൗർബല്യം തിരിച്ചറിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും റൺസെടുക്കാതെയാണ് അഭിഷേക് ശർമ മടങ്ങിയത്. താരത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതോടെ, ഒരു മത്സരത്തിൽ അവസരം ലഭിച്ചപ്പോൾ എട്ട് പന്തിൽ 22 റൺസെടുത്ത് മികച്ച തുടക്കം നൽകിയ സഞ്ജു സാംസണെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ചർച്ച സജീവമായിരുന്നു.

അഭിഷേകിന്റെ മോശം പ്രകടനം സാങ്കേതിക പ്രശ്നമായി കാണുന്നില്ലെന്ന് അശ്വിൻ വ്യക്തമാക്കി. "അവൻ എപ്പോഴും ഇങ്ങനെയാണ് കളിച്ചിട്ടുള്ളത്. വരുന്ന സൂപ്പർ എട്ട് മത്സരങ്ങളിൽ തിരിച്ചുവരവ് നടത്തുമെന്ന് കരുതാം. തുടർച്ചയായ മൂന്ന് മത്സരത്തിൽ പൂജ്യത്തിന് പുറത്തായത് അവന്റെ ശൈലിയെ മാറ്റില്ല. കാരണം ടി20യിൽ അവൻ മികച്ച ബാറ്റ്‌സ്മാനാണ്, ഫ്രണ്ട് ഫൂട്ടിൽ കളിക്കാനാണ് അവൻ ശ്രമിക്കുന്നത്," അശ്വിൻ പറഞ്ഞു.

ഇത്തരം ബാറ്റർമാർക്കെതിരെ ഓഫ് സ്പിന്നർമാരെ ഉപയോഗിക്കുന്നത് നിലവിൽ ഒരു തന്ത്രമാണെന്നും അശ്വിൻ വിശദീകരിച്ചു. രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ അഭിഷേകിനെതിരെ താൻ പന്തെറിഞ്ഞിട്ടുണ്ടെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. "അവനെതിരേ തുടർച്ചയായി മൂന്ന് ഓവർ എറിഞ്ഞിട്ടും കാര്യമായ റൺസ് വഴങ്ങിയില്ല. പല തവണ ഭാഗ്യത്തിനാണ് വിക്കറ്റാവാതെ പോയത്. ഓഫ് സ്പിന്നർമാർ മികച്ച ലൈനിൽ പന്തെറിയുമ്പോൾ അവൻ പ്രയാസപ്പെടുന്നു," അശ്വിൻ കൂട്ടിച്ചേർത്തു.