- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബാറ്റർമാർക്ക് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്'; ബാക്കിയൊക്കെ അമ്പയർ നോക്കിക്കോളും; ഉസ്മാൻ താരിഖിനെ സമ്മർദ്ദത്തിലാക്കാനുള്ള വഴി പറഞ്ഞ് അശ്വിൻ

ചെന്നൈ: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് മുന്നോടിയായി, പാകിസ്ഥാൻ്റെ 'മിസ്റ്ററി സ്പിന്നർ' ഉസ്മാൻ താരിഖിനെ നേരിടാൻ രസകരമായ ഒരു ബുദ്ധി ഉപദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അശ്വിൻ്റെ ഈ വാക്കുകൾ ഇപ്പോൾ തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഈ ടൂർണമെൻ്റിൽ പാകിസ്ഥാൻ്റെ ഏറ്റവും അപകടകാരിയായ സ്പിൻ ആയുധമായാണ് ഉസ്മാൻ താരിഖ് വിലയിരുത്തപ്പെടുന്നത്.
തന്റെ യൂട്യൂബ് ഷോയായ 'ആഷ് കി ബാത്തി'ൽ സംസാരിക്കവെയാണ്, പൂർണ്ണമായും നിയമവിധേയമായ ഒരു തന്ത്രം അശ്വിൻ മുന്നോട്ടുവെച്ചത്. ക്രീസിലെത്തിയ ശേഷം പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഉസ്മാൻ താരിക് നിശ്ചലനായി നിൽക്കുന്ന (pause) രീതിക്കെതിരെ ഈ തന്ത്രം പ്രയോഗിക്കാൻ ഇന്ത്യൻ ബാറ്റർമാരെ അദ്ദേഹം വെല്ലുവിളിച്ചു.
"എനിക്കൊരു കാര്യം കാണണമെന്നുണ്ട്. ഇത് ചെയ്യാൻ ആര് ധൈര്യം കാണിക്കും?" അശ്വിൻ ചോദിച്ചു. "പന്തെറിയുന്നതിന് മുമ്പ് താരിക് ഒന്ന് നിന്നുപോകുന്നുണ്ടെങ്കിൽ അവിടെനിന്ന് മാറിനിൽക്കാൻ ബാറ്റർക്ക് അവകാശമുണ്ട്. 'പന്ത് എപ്പോഴാണ് വരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അതുകൊണ്ട് ഞാൻ മാറിനിന്നതാണ്' എന്ന് ബാറ്റർക്ക് പറയാം," അശ്വിൻ വിശദീകരിച്ചു.
താരിഖ് പന്തെറിയുന്നതിന് മുൻപ് പെട്ടെന്ന് ആക്ഷന്‍ പോസ് ചെയ്യുമ്പോള്‍, അവൻ പന്തെറിയുന്നത് നിർത്തി എന്ന് ഞാൻ കരുതിയെന്ന് പറഞ്ഞ് ബാറ്റർക്ക് ക്രീസിൽ നിന്ന് മാറിനിൽക്കാം. അത് അമ്പയർമാർക്ക് വലിയ തലവേദനയുണ്ടാക്കുന്ന കാര്യമായിരിക്കും. ഞാൻ ബാറ്റ് ചെയ്യുകയാണെങ്കിൽ തീർച്ചയായും അത് ചെയ്യും. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുക എന്ന് എനിക്കറിയില്ലെന്ന് അമ്പയറോട് പറയാം. ബാക്കി കാര്യങ്ങൾ നോക്കേണ്ടത് അമ്പയറുടെ ഉത്തരവാദിത്തമാണെന്നും അശ്വിന്‍ പറഞ്ഞു.
പന്തെറിയാൻ തുടങ്ങുമ്പോൾ ബാറ്റർ ക്രീസിൽ നിന്നും മാറിനിൽക്കുന്നത് താരിക്കിന്റെ ഏകാഗ്രത തകർക്കുമെന്നാണ് അശ്വിൻ വിശ്വസിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ മത്സരത്തിനിടയിൽ ഇത്തരമൊരു സമ്മർദ്ദം താരിക്കിന്റെ താളം തെറ്റിക്കാനും അയാളെ മാറ്റി ചിന്തിപ്പിക്കാനും നിർബന്ധിതനാക്കുമെന്നും അശ്വിൻ പറയുന്നു.
എന്തുകൊണ്ടാണ് ഉസ്മാൻ താരിക്കിന്റെ ആക്ഷൻ വിവാദമാകുന്നത്?
ടി20 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഉസ്മാൻ താരിഖിന്റെ ബോളിംഗ് ആക്ഷൻ വലിയ ചർച്ചയായിരുന്നു. ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ആക്ഷനുമായാണ് താരിക്കിന്റെ രീതിയെ പലരും താരതമ്യം ചെയ്യുന്നത്. താരിക്കിന്റെ കൈമുട്ടിലെ അമിതമായ മടക്കം കാരണം കൈകൾ പൂർണ്ണമായും നിവർത്താൻ അദ്ദേഹത്തിന് കഴിയില്ല.
എന്നാൽ ബാറ്റർമാരെ കുഴപ്പിക്കുന്നത് താരിഖിന്റെ വിചിത്രമായ താളമാണ്. ക്രീസിലേക്ക് കോണളവിൽ ഓടിയെത്തുന്ന താരിക്, പന്തെറിയുന്നതിന് തൊട്ടുമുമ്പ് ഏതാനും സെക്കൻഡുകൾ അവിടെ നിശ്ചലനായി നിൽക്കും. ഈ പെട്ടെന്നുള്ള നിർത്തൽ ബാറ്റർമാരുടെ ടൈമിംഗ് തെറ്റിക്കുകയും അവരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. അടുത്തിടെ നടന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ കാമറൂൺ ഗ്രീൻ ഉൾപ്പെടെയുള്ളവർ ഈ ആക്ഷന്റെ നിയമസാധുതയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇത് നിയമപരമാണെന്നാണ് അശ്വിൻ പറയുന്നത്.
"സാധാരണ ആക്ഷനുള്ള ഒരു ബൗളർ പെട്ടെന്ന് ഒരു പന്ത് മാത്രം നിർത്തി എറിഞ്ഞാൽ അത് നിയമവിരുദ്ധമാണ്. എന്നാൽ താരിക്കിന്റെ കാര്യത്തിൽ, ആ 'നിർത്തൽ' അയാളുടെ സ്വാഭാവികമായ ആക്ഷന്റെ ഭാഗമാണ്," അശ്വിൻ വിശദീകരിക്കുന്നു.
ഇന്ത്യയ്ക്ക് താരിഖ് ഭീഷണിയാകുന്നത് എന്തുകൊണ്ട്?
ടി20 ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചെങ്കിലും സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ പതറുന്നത് വ്യക്തമാണ്. യുഎസ്എയ്‌ക്കെതിരെ മൂന്ന് വിക്കറ്റും നമീബിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റും ഇന്ത്യ സ്പിന്നർമാർക്ക് മുന്നിൽ അടിയറവ് വെച്ചു. ബാറ്റർമാർ പലപ്പോഴും സ്പിന്നിന് മുന്നിൽ അസ്വസ്ഥരായാണ് കാണപ്പെട്ടത്.
ഇവിടെയാണ് ഉസ്മാൻ താരിഖ് പാകിസ്ഥാന്റെ വജ്രായുധമാകുന്നത്. വെറുമൊരു സ്പിന്നർ എന്നതിലുപരി ബാറ്ററുടെ താളം തെറ്റിക്കുന്നതിൽ താരിക് വിദഗ്ധനാണ്. പന്തെറിയുന്നതിന് മുമ്പുള്ള നിർത്തലും, വേഗത്തിൽ വരുന്ന കാരം ബോളുകളും, സ്കിഡ് ചെയ്യുന്ന ഡെലിവറികളും ഇന്ത്യയെ കുഴപ്പിച്ചേക്കാം. നെതർലൻഡ്‌സിനെതിരായ ആദ്യ മത്സരം നഷ്ടമായെങ്കിലും യുഎസ്എയ്‌ക്കെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി താരിക് ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞു. കൊളംബോയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഫെബ്രുവരി 15-ന് താരിക് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്.


