ചെന്നൈ: ടി20 ലോകകപ്പിൽ യുഎസ്എയ്‌ക്കെതിരായ മത്സരത്തിന് ശേഷം പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിക്കിന്റെ ബൗളിംഗ് ആക്ഷൻ വീണ്ടും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, അദ്ദേഹത്തിന്റെ കൈമുട്ടിന്റെ പ്രകടമായ വളവും റൺ-അപ്പിനിടയിലെ അസ്വാഭാവികമായ നിർത്തലുമാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചത്. ഈ സാഹചര്യത്തിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ താരിക്കിന് പരസ്യ പിന്തുണയുമായി രംഗത്തെത്തി.

നേരത്തെ ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീൻ താരിക്കിന്റെ ആക്ഷനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായുള്ള മത്സരത്തിനിടയിലും ആരാധകർ താരത്തിന്റെ ആക്ഷനെ പരിഹസിക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. മുൻ ഇന്ത്യൻ താരം ശ്രീവത്സ ഗോസ്വാമി താരിക്കിന്റെ റൺ-അപ്പിലെ നിർത്തലിനെ ഫുട്‌ബോൾ പെനാൽറ്റികളുമായി താരതമ്യം ചെയ്ത് വിമർശിച്ചു. ഫുട്‌ബോളിൽ പെനാൽറ്റി എടുക്കുമ്പോൾ റൺ-അപ്പിനിടയിൽ നിർത്തുന്നത് അനുവദനീയമല്ലെന്നും, ക്രിക്കറ്റിലും ഇത്തരം രീതികൾ അനുവദിക്കരുതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ശ്രീവത്സ ഗോസ്വാമിയുടെ വിമർശനങ്ങൾക്ക് മറുപടിയായാണ് അശ്വിൻ താരിക്കിന് പിന്തുണ പ്രഖ്യാപിച്ചത്. ബൗളർമാർക്ക് മാത്രം എന്തിനാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അശ്വിൻ ചോദ്യം ചെയ്തു. അമ്പയറെയോ ബൗളറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റോ റിവേഴ്‌സ് ഹിറ്റോ കളിക്കാൻ ബാറ്റർമാർക്ക് അനുവാദമുണ്ട്. എന്നാൽ ഒരു ബൗളർക്ക് തന്റെ ബൗളിംഗ് കൈ മാറ്റണമെങ്കിൽ പോലും അമ്പയറോട് അനുവാദം ചോദിക്കേണ്ടി വരുന്നു. ആദ്യം മാറ്റേണ്ടത് അത്തരം നിയമങ്ങളാണെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.

നേരത്തെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) രണ്ട് തവണ താരിക്കിന്റെ ബൗളിംഗ് ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും, രണ്ട് തവണയും അദ്ദേഹത്തിന് ക്ലിയറൻസ് ലഭിച്ചിരുന്നു. മുൻ അന്താരാഷ്ട്ര അമ്പയർ അനില്‍ ചൗധരിയും താരിക്കിന്റെ ആക്ഷൻ ഐസിസി നിയമങ്ങൾക്കുള്ളിൽത്തന്നെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൈമുട്ടിന്റെ പ്രത്യേക അവസ്ഥ കാരണമാണ് മറ്റുള്ളവർക്ക് സംശയം തോന്നുന്നതെന്നും, കൈമുട്ട് പൂർണ്ണമായും നിവർത്താൻ കഴിയാത്ത സാഹചര്യമാണ് ഈ ആശയക്കുഴപ്പത്തിന് കാരണമെന്നും താരിക് നേരത്തെ പ്രതികരിച്ചിരുന്നു.