- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാകപ്പിന് പാക്കിസ്ഥാൻ വേദിയാകില്ല; സുരക്ഷാ കാരണങ്ങളാൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും ബംഗ്ലാദേശും; ശ്രീലങ്ക ആതിഥേയത്വം വഹിച്ചേക്കും; ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി അവഗണിച്ച് ബിസിസിഐ
കറാച്ചി: ഏകദിന ലോകകപ്പിന് മുമ്പ് നടക്കാനിരിക്കുന്ന ഏഷ്യാകപ്പിന്റെ വേദി പാക്കിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലാണെങ്കിൽ സുരക്ഷാ കാരണങ്ങളാൽ ഏഷ്യാ കപ്പിൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചതോടെയാണ് വിഷയത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടത്.
ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയെന്ന നിലയിൽ യുഎഇയിലേക്ക് മാറ്റമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പുതിയ സാഹചര്യത്തിൽ ശ്രീലങ്ക ആതിഥേയരാകുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്റെ എല്ലാം മത്സരങ്ങളും പാക്കിസ്ഥാനിൽ കളിക്കുകയും ഇന്ത്യയുടെ മത്സരങ്ങൾ മാത്രം നിഷ്പക്ഷ വേദികളിൽ നടത്തുകയും ചെയ്യുന്ന ഹൈബ്രിഡ് മോഡൽ നിർദ്ദേശം മുന്നോട്ടുവെച്ചെങ്കിലും ഇതും ഇന്ത്യ അംഗീകരിച്ചില്ല. തുടർന്നാണ് ടൂർണമെന്റ് മുഴുവനായും മറ്റൊരു രാജ്യത്തേക്ക് മാറ്റുക എന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്.
അടുത്തമാസം ചേരുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അതിഥേയത്വം നഷ്ടമായാൽ ടൂർണമെന്റിൽ നിന്ന് പിന്മാറുമെന്നും ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്നും പാക്കിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു. ഏഷ്യാ കപ്പിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയാൽ പകരം യുഎഇയെ ടൂർണമെന്റിൽ കളിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
പാക്കിസ്ഥാനിൽ നിന്ന് ടൂർണമെന്റ് മാറ്റുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നേരത്തെ, സർക്കാർ അനുമതിയില്ലാത്തതിനാൽ ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
ടൂർമെന്റിന്റെ വേദി സംബന്ധിച്ച്, ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ നിന്ന് മാറ്റാനുള്ള നീക്കത്തിൽ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ബിസിസിഐക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതോടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കനത്ത തിരിച്ചടി നേരിട്ടത്.
എന്നാൽ, ടൂർണമെന്റിൽ പാക്കിസ്ഥാൻ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പാക്കിസ്ഥാനിൽനിന്ന് ഏഷ്യാകപ്പ് മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പിസിബി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഹോം ഗ്രൗണ്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ആഗ്രഹിക്കുന്നത്. പക്ഷേ, ടൂർണമെന്റ് സംബന്ധിച്ച് ഇതിനോടകം തന്നെ എസിസിയിലെ മറ്റ് അംഗരാജ്യങ്ങളിൽ നിന്ന് ബിസിസിഐ പിന്തുണ തേടിയിട്ടുണ്ട്.
അടുത്തിടെ നടന്ന ഏസിസി അംഗങ്ങളുടെ അനൗപചാരിക യോഗത്തിൽ, ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒമാൻ സമ്മതം മൂളിയെങ്കിലും വ്യവസ്ഥകൾ പാലിച്ച് ശ്രീലങ്കയെ ഒരു ഓപ്ഷനായി പരിഗണിക്കുകയായിരുന്നു. 2018ലെ ഏഷ്യാ കപ്പിന് ദുബായ് ആതിഥേയത്വം വഹിച്ചപ്പോൾ, കളിക്കാർക്ക് അവിടത്തെ സാഹചര്യങ്ങൾ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. ലോകകപ്പ് ഒക്ടോബർ ആദ്യവാരം ആരംഭിക്കാനിരിക്കെ, അതിന് മുന്നെയുള്ള ഏഷ്യാകപ്പ് ഒരു തയ്യാറെടുപ്പായി കണക്കാക്കുന്ന ടീമുകൾ യുഎഇയെ പൂർണ്ണമായും ഒഴിവാക്കി. കോവിഡിനെ തുടർന്ന്, 2020ലെ ഐപിഎല്ലിന് യുഎ ആതിഥേയത്വം വഹിച്ചിരുന്നു. എന്നാൽ, കടുത്ത വേനൽ കാരണം ആ മത്സരങ്ങൾ പോലും കളിക്കാർക്ക് ബുദ്ധിമുട്ടായിരുന്നു.
ഏഷ്യാ കപ്പ് ശ്രീലങ്ക ആതിഥേയത്വം വഹിക്കുകയാണെങ്കിൽ, സ്പെറ്റംബർ മാസം കൊളംബോയിലെ മഴക്കാലം കൂടി കണക്കിലെടുത്ത് ദാംബുള്ളയും പല്ലേക്കലെയും വേദിയാകും. അതേസമയം, ശ്രീലങ്കയിൽ പാക്കിസ്ഥാൻ പര്യടനത്തിന് പോകുന്നില്ലെങ്കിൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. എന്നാൽ, പാക്കിസ്ഥാൻ ഏഷ്യാ കപ്പിൽ പങ്കെടുത്താൽ, ടൂർണമെന്റ് ആറ് ടീമുകളുടെ മത്സരമായിരിക്കും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവരെ കൂടാതെ ഇത്തവണ നേപ്പാളും മത്സരത്തിനുള്ള യോ?ഗ്യത നേടിയിട്ടുണ്ട്. സെപ്റ്റംബർ 2 നും 17 നും ഇടയിലാണ് ടൂർണമെന്റ് നടക്കുക.
സ്പോർട്സ് ഡെസ്ക്