കാബൂൾ: ഏഷ്യാ കപ്പ് കലാശപ്പോരിൽ പാക്കിസ്ഥാൻ ശ്രീലങ്കയ്ക്ക് മുന്നിൽ അടിയറവ് പറയുമ്പോൾ ആഘോഷ തിമിർപ്പിലായിരുന്നു അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് ആരാധകർ. കാരണം മറ്റൊന്നുമല്ല, സൂപ്പർ ഫോറിലെ പാക്കിസ്ഥാൻ - അഫ്ഗാനിസ്ഥാൻ മത്സരത്തിനിടെ അരങ്ങേറിയ 'അനിഷ്ട' സംഭവങ്ങൾ തന്നെ കാരണം. ലങ്കയുടെ ജയത്തിന് ശേഷം കാബൂളിൽ പുറത്തിറങ്ങി ആ ജയം ആഘോഷിക്കുന്ന അഫ്ഗാൻ ആരാധകരുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

സൂപ്പർ ഫോറിലെ നിർണായക പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ കൈയിലെത്തിയ ജയം അഫ്ഗാൻ അവസാന ഓവറിൽ കൈവിടുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടമായി അവസാന ഓവറിൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാനുവേണ്ടി വാലറ്റക്കാരൻ നസീം ഷാ അഫ്ഗാൻ പേസർ ഫസലൂള്ള ഫാറൂഖിയെറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും സിക്‌സിന് പറത്തി അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

അതിന് തൊട്ടുമുമ്പ് പാക് താരം ആസിഫ് അലിയും അഫ്ഗാൻ പേസർ ഫദീഗ് അഹമ്മദും തമ്മിൽ കൈയാങ്കളിയുടെ വക്കത്ത് എത്തിയിരുന്നു. ഫരീദിന്റെ പന്തിൽ പുറത്തായി ആസിഫ് മടങ്ങുമ്പോൾ പുറകെ ചെന്ന് പ്രകോപിപ്പിച്ചതിനെത്തുടർന്ന് ആസിഫ് ബാറ്റെടുത്ത് അടിക്കാൻ ഓങ്ങി. കളിക്കാരും അമ്പയർമാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

പിന്നീട് അവസാന ഓവറിലെ രണ്ട് അവിശ്വസനീയ സിക്‌സറിൽ ജയിച്ചശേഷം പാക്കിസ്ഥാൻ താരങ്ങൾ ലോകകപ്പ് ജയിച്ച സന്തോഷത്തിലാണ് വിജയം ആഘോഷിച്ചത്. മത്സരം നടന്ന ഷാർജ സ്റ്റേഡിയത്തിൽ പാക്കിസ്ഥാൻ ആരാധകരും അഫ്ഗാൻ ആരാധകരും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിലെ കസേരകളും മറ്റുമെടുത്ത് ഇരു വിഭാഗവും കായികമായി ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. കളികഴിഞ്ഞ് സ്റ്റേഡിയത്തിന് പുറത്തും ഇരു വിഭാഗവും ഏറ്റുമുട്ടി.

മുൻ പാക് താരങ്ങൾ അഫ്ഗാൻ താരങ്ങളുടെ കളിക്കളത്തിലെ പെരുമാറ്റത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫൈനലിൽ അഫ്ഗാൻ ആരാധകരുടെ മുഴുവൻ പിന്തുണയും ശ്രീലങ്കക്കായത്. അന്ന് പാക് ആരാധകരോടുള്ള കലിപ്പ് പാക്കിസ്ഥാന്റെ ഫൈനൽ തോൽവിക്ക് ശേഷം ആഘോഷമാക്കുകയായിരുന്നു അഫ്ഗാൻ ആരാധകർ.

ഫൈനലിൽ പാക്കിസ്ഥാനെ 23 റൺസിന് കീഴടക്കിയാണ് ശ്രീലങ്ക ആറാം ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പാക്കിസ്ഥാന്റെ പരാജയത്തിൽ പ്രതികരണങ്ങളുമായി നിരവധി അഫ്ഗാൻ ടീം ആരാധകർ രംഗത്തെത്തി. കിരീടപ്പോരിന് ഇറങ്ങുമ്പോൾ അഫ്ഗാൻ ജനതയുടെ മുഴുവൻ പിന്തുണയും ശ്രീലങ്കക്കായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനോട് മാത്രമായിരുന്നു തോറ്റത്. ചാമ്പ്യന്മാരെ തങ്ങൾ ഒരുവട്ടമെങ്കിലും തോൽപ്പിച്ചുവെന്നും എന്നാൽ പാക്കിസ്ഥാൻ രണ്ടു തവണയും അടിയറവ് പറഞ്ഞുവെന്നും അഫ്ഗാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്നലെ നടന്ന ഫൈനലിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഭാനുക രജപക്‌സെയുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ 170 റൺസടിച്ചത്. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാൻ 20 ഓവറിൽ 147 റൺസിന് പുറത്തായി.