ദുബായ്: ഏഷ്യാകപ്പിലെ പാകിസ്താന്‍ ടീമിന്റെ മത്സരങ്ങളില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നീക്കിയതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വൃത്തങ്ങളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഈ വിവരം പുറത്തുവിട്ടത്. പൈക്രോഫ്റ്റിന് പകരം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം റിച്ചി റിച്ചാര്‍ഡ്സണാണ് ബുധനാഴ്ച യുഎഇക്കെതിരായ മത്സരം നിയന്ത്രിക്കുക.

പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം ചെയ്യരുതെന്ന സന്ദേശം നല്‍കിയെന്നാരോപിച്ച് പിസിബി, പൈക്രോഫ്റ്റിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി), ക്രിക്കറ്റിന്റെ നിയമനിര്‍മാണ സഭയായ എംസിസിക്കുമാണ് പരാതി നല്‍കിയിരുന്നത്. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചുവെന്നും പക്ഷപാതം കാണിച്ചുവെന്നുമായിരുന്നു പിസിബിയുടെ നിലപാട്.

ഐസിസി, പൈക്രോഫ്റ്റിന് ചെറിയൊരു പങ്ക് മാത്രമാണുണ്ടായതെന്നും, വിവാദം ഒഴിവാക്കാനായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍ മാത്രമെന്നും വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ മാറ്റേണ്ട കാര്യമില്ലെന്നായിരുന്നു ആദ്യം ഐസിസിയുടെ തീരുമാനം. എന്നാല്‍, പിന്നീട് സമ്മര്‍ദ്ദത്തിനൊടുവില്‍ പാകിസ്താന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പൈക്രോഫ്റ്റിനെ ഒഴിവാക്കി.

ഇന്ത്യ-പാക് മത്സരശേഷവും വിവാദം ശക്തമായിരുന്നു. ഹസ്തദാനത്തിനായി കാത്തുനിന്ന പാക് താരങ്ങളെ ഇന്ത്യന്‍ താരങ്ങള്‍ അവഗണിച്ചു. സൂര്യകുമാര്‍ യാദവും ശിവം ദുബെയും നേരെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളും സ്റ്റാഫും കൈകൊടുക്കാന്‍ ഇറങ്ങിവരും എന്നാണ് പാക് താരങ്ങളുടെ പ്രതീക്ഷ. എന്നാല്‍, ഇന്ത്യന്‍ ടീം ഡ്രസ്സിങ് റൂമിന്റെ വാതില്‍ അടച്ചതോടെ പാക് താരങ്ങള്‍ നിരാശരായി മടങ്ങുകയായിരുന്നു.

ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന പാകിസ്താന്‍ നിലപാട് മാറാന്‍ സാധ്യതയുണ്ട്. യുഎഇക്കെതിരായ മത്സരം ജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്ക് കടക്കാം. തോറ്റാല്‍ യുഎഇയാണ് മുന്നേറുക. പാകിസ്താന്‍ കടന്നാല്‍ സൂപ്പര്‍ ഫോറിലും ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടല്‍ നടക്കും.