- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പിലെ കണക്ക് തീർക്കാൻ ഇന്ത്യ; ജയത്തോടെ ടൂർണ്ണമെന്റ് തുടങ്ങാൻ പാക്കിസ്ഥാനും; ഏഷ്യാകപ്പിൽ ഇന്ന് കായിക ലോകം കാത്തിരിക്കുന്ന പോരാട്ടം; മത്സരം രാത്രി 7.30 മുതൽ
ദുബായ്: ഏഷ്യാ കപ്പിൽ ഇന്ന് ചിരവൈരികളുടെ പോര്. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനിൽ നിന്നേറ്റ തോൽവിക്ക് മറുപടി നൽകാൻ ഉറച്ച് രോഹിത് ശർമയും സംഘവും ഇന്ന് ഇറങ്ങും. ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയുടെ നൂറാം ട്വന്റി20 മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യൻ സമയം രാത്രി 7.30നാണ് ആരാധകർ കാത്തിരിക്കുന്ന മത്സരം ആരംഭിക്കുക. ട്വന്റി20 ലോകകപ്പിൽ 10 വിക്കറ്റിനാണ് ഇന്ത്യയെ പാക്കിസ്ഥാൻ വീഴ്ത്തിയത്. ഇവിടെ ഇന്ത്യയുടെ ടോപ് സ്കോറർ വിരാട് കോഹ് ലിയായിരുന്നു. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ് ലി പാക്കിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമ, കെ എൽ രാഹുൽ എന്നിവരെ തുടക്കത്തിൽ തന്നെ വിറപ്പിച്ച ഷഹീൻ അഫ്രീദിയുടെ അഭാവം പാക്കിസ്ഥാന് തിരിച്ചടിയാണ്. ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം കെ എൽ രാഹുൽ ഇറങ്ങാനാണ് സാധ്യത കൂടുതൽ. ഇന്ത്യൻ നിരയിൽ പാക്കിസ്ഥാന് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്ന ബാറ്റർ സൂര്യകുമാർ യാദവാണ്.
12 ഇന്നിങ്സിൽ നിന്ന് 428 റൺസ് സ്കോർ ചെയ്താണ് സൂര്യ നിൽക്കുന്നത്. ട്വന്റി20 ലോകകപ്പിൽ മികവ് കാണിക്കാൻ പോകുന്ന ഇന്ത്യൻ താരം സൂര്യകുമാർ ആയിരിക്കും എന്ന പ്രവചനങ്ങൾ വന്നുകഴിഞ്ഞു. അർഷ്ദീപ്, ആവേശ് ഖാൻ എന്നിവർക്കൊപ്പം ഭുവി ഇന്ത്യയുടെ ബൗളിങ് വിഭാഗത്തെ നയിക്കും. രവീന്ദ്ര ജഡജ, ദിനേശ് കാർത്തിക് എന്നിവരിൽ ആര് ഇലവനിലേക്ക് വരും എന്നും വ്യക്തമാവണം.
ബാബറും റിസ്വാനുമായിരിക്കും പാക്കിസ്ഥാനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. പാക്കിസ്ഥാന്റെ ടോപ് 3 ബാറ്റേഴ്സിനെ മടക്കുക എന്നതായിരിക്കും ഇന്ത്യക്ക് മുൻപിലെ പ്രധാന വെല്ലുവിളി.
സ്പോർട്സ് ഡെസ്ക്