- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ കളിയിൽ ഓസീസിനെ വട്ടംകറക്കിയ സ്പിൻ വെറൈറ്റി ആറാം ബൗളറായി ഫൈനലിന് എത്തിയിരുന്നുവെങ്കിൽ കഥ മാറിയേനേ! ഓസീസിന് കപ്പ് നൽകിയത് ഇന്ത്യൻ മണ്ടത്തരം; ഈ ലോകകപ്പിൽ ഏറ്റവും എക്കണോമിക്കലായി പന്തെറിഞ്ഞ അശ്വിൻ; പത്തരമാറ്റിന്റെ മുല്യം ക്രിക്കറ്റ് ദൈവങ്ങൾ കണ്ടില്ല; ഈ തോൽവി പിച്ചിനെ മറന്നതിനുള്ള പാഠം
അഹമ്മദാബാദ്: വിക്കറ്റ് വേട്ടയിൽ മുന്നിൽ മുഹമ്മദ് ഷമി. റൺവേട്ടയിൽ വിരാട് കോലി. അടിച്ചു തകർത്തവരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ റെയ്സ് ടോപ്ലി. ഇതിനൊപ്പം ഏറ്റവും മികച്ച ബൗളിങ് എക്കണോമി. ഇന്ത്യയുടെ ആർ അശ്വിന്റെ പേരിലാണ് ഈ നേട്ടം. ബാറ്റ്സ്മാന്മാർക്ക് മുമ്പിൽ പതറാത്ത ആ ബൗളർ പക്ഷേ ഒരു കളിയേ ഈ ലോകകപ്പിൽ കളിച്ചൂള്ളൂ. അത് ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പത്തിൽ പത്തും ഇന്ത്യ ജയിച്ചു. ഫൈനലിൽ ആഗ്രഹിച്ചത് പത്തരമാറ്റ് വിജയവും. എന്നാൽ ഇന്ത്യൻ ഡ്രെസിങ് റൂമിലുണ്ടായിരുന്ന പത്തരമാറ്റിനെ ആരും കണ്ടില്ല. അത് വലിയ തിരിച്ചടിയായി ഫൈനലിൽ ഇന്ത്യയ്ക്ക്.
ഓസ്ട്രേലിയയ്ക്കെതിരായ ലീഗ് ഘട്ടത്തിലെ ആ കളിയിൽ ഇന്ത്യയുടെ ഇതിഹാസ സ്പിൻ താരങ്ങൾക്കൊപ്പം പരിഗണിക്കപ്പെടുന്ന അശ്വിൻ പത്ത് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു. എല്ലാ അർത്ഥത്തിലും മികച്ച ബൗളിങ് പ്രകടനം. പിച്ചിന്റെ സ്വഭാവത്തിൽ ടീമിലെ ഘടന മാറ്റിയപ്പോൾ ഓസ്ട്രേലിയയെ വരിഞ്ഞു കെട്ടിയ അശ്വിൻ ടീമിന് പുറത്തായി. വമ്പൻ സ്കോറുകൾ ഉയരുന്ന മത്സരത്തിൽ എതിരാളികളെ പിടിച്ചു കെട്ടാനുള്ള എല്ലാ വെറൈറ്റിയും ഉള്ള ബൗളറാണ് അശ്വിൻ. എന്നിട്ടും പിന്നീടുള്ള പത്തു കളികളിലും പുറത്തിരുന്നു. ഒടുവിൽ ഇന്ത്യ ഫൈനലിൽ തോറ്റു. അഹമ്മദാബാദിലെ പിച്ച് അശ്വിന് വേണ്ടിയുള്ളതായിരുന്നു. അത് തിരിച്ചറിയാതെ പോയിടത്താണ് ഇന്ത്യയുടെ ഫൈനൽ തോൽവി.
ഹാർദ്ദിക് പാണ്ഡ്യ പരിക്കിൽ പുറത്തായതോടെ ടീമിന് ആറാം ബൗളറില്ല. അതുകൊണ്ട് തന്നെ നിർണ്ണായകമായ സെമിയിൽ അശ്വിൻ ടീമിലെത്തുമെന്ന് ഏവരും കരുതി. പക്ഷേ അതുണ്ടായില്ല. ന്യൂസിലണ്ട് താരങ്ങൾ അടിച്ചു തകർക്കുമ്പോൾ ആ ആറാം ബൗളറുണ്ടായിരുന്നുവെങ്കിലെന്ന് ക്യാപ്ടൻ രോഹിത് ശർമ്മയും ഒരുപക്ഷേ ആഗ്രഹിച്ചു കാണും. വിരാട് കോലിയും ശ്രേയസ് അയ്യരും അടിച്ചു തകർത്ത് നേടിയ വമ്പൻ സ്കോർ ഉള്ളതു കൊണ്ട് മാത്രമാണ് ആറാം ബൗളറുടെ അഭാവം ഇന്ത്യയെ ഫൈനലിൽ എത്തിച്ചത്. ഫൈനലിൽ ബൗളിങ് കരുത്ത് കൂട്ടാൻ അശ്വിൻ എത്തുമെന്ന് ഏവരും കരുതി. പക്ഷേ വിന്നിങ് ടീമിനെ മാറ്റിയില്ല. അതു ഭാഗ്യമാകുമെന്ന് രോഹിത് കരുതി. ഇവിടെയാണ് പിഴച്ചത്.
മോദി സ്റ്റേഡിയത്തിലെ പിച്ച് സ്ലോ ബൗളിംഗിനെ തുണയ്ക്കുന്നതായിരുന്നു. മുഹമ്മദ് സിറാജിന് ഈ വിക്കറ്റിൽ കാര്യമായ സംഭാവന ചെയ്യാനായില്ല. ഷമിയും ബുംമ്രയും ന്യൂബോളുമായെത്തിയപ്പോൾ തുടക്കത്തിലേ ജഡേജയ്ക്ക് പന്ത് നൽകേണ്ടി വന്നു. ജഡേജയ്ക്കും കുൽദീപ് യാദവിനുമൊപ്പം അശ്വിൻ കൂടി ഉണ്ടായിരുന്നുവെങ്കിൽ ഓസ്ട്രേലിയ വട്ടം കറങ്ങുമായിരുന്നു. അങ്ങനെ കൈയിലുള്ള ആയുധം ഇന്ത്യ കലാശപോരാട്ടത്തിൽ പ്രയോഗിക്കാതെ പോയി. അത് തോൽവിയുമായി. അങ്ങനെ ഓസ്ട്രേലിയ ആറാം കിരീടത്തിൽ മുത്തമിട്ടു.
ഈ ലോകകപ്പിൽ ആദ്യ നാലു കളികളിലും പുറത്തിരുന്ന താരമാണ് മുഹമ്മദ് ഷമി. ടൂർണ്ണമെന്റ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഷമിയാണ് താരം. വിക്കറ്റ് വേട്ടയിൽ മുന്നിൽ. ഡ്രസിങ് റൂമിൽ ഇരുന്നതിന്റെ നിരാശ ഷമിയെ ബാധിച്ചില്ല. പകരം തന്റെ കരുത്ത് ലോകത്തിന് കാട്ടാൻ ഓരോ സ്പെല്ലും ഉപയോഗിച്ചു. ഇതു പോലെ അശ്വിനും മനസ്സിൽ ഫയറുള്ള താരമാണ്. ഫൈനലിൽ അശ്വിനെ കളിപ്പിച്ചിരുന്നുവെങ്കിൽ ഓഫ് ബ്രേക്കുകളുടെ വ്യത്യസ്തതയും കാരം ബോളുകളുമെല്ലാം എതിരാളികളെ വെള്ളം കുടിപ്പിക്കുമായിരുന്നു.
ഷമിയെ പോലെ തന്നെ അനുഭവ സമ്പത്തിന്റെ കരുത്തും ഈ തമിഴ് നാട് ബൗളർക്കുണ്ട്. സമകാലിക ബൗളർമാരിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായാണ് അശ്വിനെ വിശേഷിപ്പിക്കുന്നത്. വിക്കറ്റുകളോട് അടങ്ങാത്ത അനുഭാവമുള്ള ബൗളർ. ഈ ബൗളറെ പുറത്തിരുത്തിയത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അകലെയാക്കിയത് 2023ലെ ലോകകപ്പ് കിരീടമാണ്.
മറുനാടന് മലയാളി ബ്യൂറോ