- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ ഇന്നിങ്സില്‍ പിറന്നത് 1 സെഞ്ച്വറിയും 2 അര്‍ധസെഞ്ച്വറിയും; ഓസീസ് റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍; ഇന്ത്യയുടെ പരാജയം 43 റണ്‍സിന് ; 2-1 ന് ഓസീസിന് പരമ്പര വിജയം
ഓസീസിന് പരമ്പര വിജയം
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ റണ്‍മലയ്ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍. നിര്‍ണായക മത്സരത്തില്‍ 43 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. സ്മൃതി മന്ദാന റെക്കോര്‍ഡ് സെഞ്ച്വറിയുമായി കളം വാണിട്ടും കൂറ്റന്‍ റണ്‍മല താണ്ടി വിജയത്തിലെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.ഓസ്ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 47 ഓവറില്‍ 369 റണ്‍സിലെത്താനേ സാധിച്ചുള്ളു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയന്‍ വനിതകള്‍ 2-1നു സ്വന്തമാക്കി.
ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ തകര്‍പ്പന്‍ റെക്കോര്‍ഡ് സെഞ്ച്വറിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ പൊരുതിയത്. എന്നാല്‍ ഐതിഹാസിക വിജയത്തിലേക്ക് എത്താന്‍ എന്നിട്ടും സാധിച്ചില്ല. ഏകദിനത്തില്‍ അതിവേഗം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇ മത്സരത്തില്‍ സ്മൃതി സ്വന്തം പേരില്‍ കുറിച്ചു. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ റെക്കോര്‍ഡാണ് സ്മൃതി തകര്‍ത്തത്. 50 പന്തില്‍ 101 റണ്‍സടിച്ച് റെക്കോര്‍ഡിട്ട സ്മൃതി 63 പന്തില്‍ 17 ഫോറും 5 സിക്സും സഹിതം 125 റണ്‍സുമായി മടങ്ങി.2012-13 സീസണില്‍ ഓസ്‌ട്രേലിയക്കെതിരെ കോഹ്ലി നേടിയ 52 പന്തിലെ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് സ്മൃതി പഴങ്കഥയാക്കിയത്.
ഹര്‍മന്‍പ്രീത് 35 പന്തില്‍ 8 ഫോറുകള്‍ സഹിതം 52 റണ്‍സ് കണ്ടെത്തി. ദീപ്തി ശര്‍മ 58 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 72 റണ്‍സെടുത്തും പൊരുതി. വാലറ്റത്ത് സ്നേഹ് റാണയാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 35 റണ്‍സെടുത്തു.ഓസീസിനായി കിം ഗാര്‍ത് 3 വിക്കറ്റുകള്‍ വീഴ്ത്തി. മെഗാന്‍ ഷുറ്റ് 2 വിക്കറ്റ് സ്വന്തമാക്കി. ആഷ്ലി ഗാര്‍ഡ്നര്‍, തഹില മഗ്രാത്ത്, ഗ്രെയ്സ് ഹാരിസ്, ജോര്‍ജിയ വരെം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 75 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതം 138 റണ്‍സ് അടിച്ചെടുത്ത ബെത്ത് മൂണിയുടെ കിടിലന്‍ സെഞ്ച്വറിയാണ് ഓസീസ് വനിതകള്‍ക്ക് കരുത്തായത്. താരവും അതിവേഗ സെഞ്ച്വറിയുമായി കളം വാണു. 57 പന്തിലാണ് മൂണി ശതകം തൊട്ടത്. 68 പന്തില്‍ 14 ഫോറുകള്‍ സഹിതം 81 റണ്‍സ് അടിച്ച ഓപ്പണര്‍ ജോര്‍ജിയ വോള്‍, 7 ഫോറും 2 സിക്സും സഹിതം 68 റണ്‍സെടുത്ത എല്ലിസ് പെറി എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീം സ്‌കോറില്‍ നിര്‍ണായകമായി. ക്യാപ്റ്റനും സഹ ഓപ്പണറുമായ അലിസ ഹീലി 18 പന്തില്‍ 7 ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത് ടീമിന് മിന്നല്‍ തുടക്കം നല്‍കി.24 പന്തില്‍ 39 അടിച്ച് ആഷ്‌ലി ഗാര്‍ഡ്‌നറും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭവാന നല്‍കി.
ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 3 വിക്കറ്റുകള്‍ വീഴ്ത്തി. രേണുക സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയന്‍ വനിതകള്‍ 2-1നു സ്വന്തമാക്കി.
സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വനിതാ ടീം മൂന്നാം ഏകദിനത്തില്‍ പിങ്ക് ജേഴ്‌സിയിട്ടാണ് കളിക്കാനിറങ്ങിയത്.