- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് തവണ ലോകകപ്പ് നേടിയ ടീമിലെ അംഗം; ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിലെ മധ്യനിരയുടെ മിന്നും താരം; ഡാമിയൻ മാർട്ടിന്റെ നില ഗുരുതരം; കോമയിൽ തുടരുന്നു
ബ്രിസ്ബേൻ: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് കോമയിൽ. ഡിസംബർ 26-ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് തുടർന്ന് ബ്രിസ്ബേനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണ് മെനിഞ്ചൈറ്റിസ്. തലച്ചോറിന്റെ വീക്കത്തിനും ചുറ്റുമുള്ള സ്തരങ്ങളുടെ വീക്കത്തിനും ഇത് കാരണമാകും.
54 വയസ്സുകാരനായ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിലാണ് ചികിത്സയിൽ കഴിയുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്ററുമായ ആദം ഗിൽക്രിസ്റ്റ് അറിയിച്ചു. "അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്. മാർട്ടിന്റെ പങ്കാളിയായ അമാൻഡയ്ക്കും കുടുംബത്തിനും നിരവധി ആളുകളുടെ പ്രാർത്ഥനകളും ആശംസകളും ലഭിക്കുന്നുണ്ടെന്ന് അറിയാം," ഗിൽക്രിസ്റ്റ് പറഞ്ഞു.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സിഇഒ ടോഡ് ഗ്രീൻബെർഗും മാർട്ടിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസകൾ നേർന്നു. "ഡാമിയന്റെ അസുഖത്തെക്കുറിച്ച് കേട്ടതിൽ ദുഃഖമുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും വിശാലമായ ക്രിക്കറ്റ് സമൂഹത്തിന്റെയും എല്ലാ ആശംസകളും ഈ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ട്," ഗ്രീൻബെർഗ് പ്രസ്താവനയിൽ പറഞ്ഞു.
1992-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് മാർട്ടിൻ ഓസ്‌ട്രേലിയൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയറിൽ 67 ടെസ്റ്റുകളിലും 208 ഏകദിനങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയക്കായി കളിച്ചു. മനോഹരമായ സ്‌ട്രോക്ക് പ്ലേയ്ക്ക് പേരുകേട്ട താരമായിരുന്നു അദ്ദേഹം. 1990-കളുടെ അവസാനത്തിലും 2000-കളിലുമായി ഓസ്‌ട്രേലിയയുടെ വിജയകരമായ കാലഘട്ടത്തിൽ മധ്യനിരയിലെ അവിഭാജ്യ ഘടകമായിരുന്നു ഈ വലംകൈയൻ ബാറ്റ്‌സ്മാൻ.
ഓസ്‌ട്രേലിയയുടെ 1999-ലെയും 2003-ലെയും ലോകകപ്പ് വിജയങ്ങളിലും മാർട്ടിൻ പങ്കാളിയായിരുന്നു. 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ 88* (84) റൺസ് വിജയത്തിൽ നിർണായകമായിരുന്നു. റിക്കി പോണ്ടിംഗിനൊപ്പം (140* ഓഫ് 121 ബോളുകൾ) 234 റൺസിന്റെ വലിയ കൂട്ടുകെട്ട് പടുത്തുയർത്തി ഓസ്‌ട്രേലിയയെ 50 ഓവറിൽ 359/2 എന്ന മികച്ച സ്കോറിലെത്തിക്കാൻ ഇത് സഹായിച്ചു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 80.33 ശരാശരിയിൽ 241 റൺസ് നേടി രണ്ട് അർദ്ധസെഞ്ചുറികളോടെ അദ്ദേഹം 2003 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു.




