അഡ്‌ലെയ്ഡ്: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് മിന്നും ജയം. അഡ്‌ലെയ്ഡിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 264 റൺസിന്റെ വിജയലക്ഷ്യം ഓസ്‌ട്രേലിയ രണ്ട് വിക്കറ്റുകൾ ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. മാത്യു ഷോര്‍ട്ട് (74), കൊനോലി 61 ( 53 ) ഓവന്‍ 36 (24) എന്നിവരുടെ ഇന്നിംഗ്‌സാണ് ആതിഥേയർക്ക് വിജയമൊരുക്കിയത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. അക്ഷർ പട്ടേലും സിറാജും ഓരോ വിക്കറ്റ് വീതം നേടി.

ഇന്ത്യ ഉയർത്തിയ 264 റൺസ് പിന്തുടർന്നെത്തിയ ഓസ്‌ട്രേലിയയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓസീസ് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ 54 റണ്‍സിനിടെ ഓസീസിന് നഷ്ടമായി. മിച്ചല്‍ മാര്‍ഷാണ് (11) ആദ്യം മടങ്ങിയത്. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ ട്രോവിസ് ഹെഡും (28) മടങ്ങി. ഹര്‍ഷിത് റാണയുടെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. തുടര്‍ന്ന് ഷോര്‍ട്ട് - മാറ്റ് റെന്‍ഷോ സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഓസീസിന് തുണയായത്.

എന്നാല്‍ റെന്‍ഷോയെ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയെ (9) വാഷിംഗ്ടണ്‍ സുന്ദറും ബൗള്‍ഡാക്കി. ഇതോടെ നാലിന് 132 എന്ന നിലയിലായി ഓസീസ്. പിന്നീട് കൊനോലി - ഷോര്‍ട്ട് സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷോര്‍ട്ടിനെ മടക്കി റാണ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. എന്നാൽ ആറാം വിക്കറ്റിൽ ഒരുമിച്ച ഓവന്‍ - കൊനോലി സഖ്യം ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ കെടുത്തി. 423-ാം ഓവറിൽ സിറാജിനെ ബൗണ്ടറി കടത്തി കൊണോലി അർധ സെഞ്ചുറി പൂർത്തിയാക്കി. ഓവനാണ് ആദ്യം മടങ്ങിയത്.

43-ാം ഓവറിൽ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ അർശ്ദീപിന് ക്യാച്ച് നൽകി ഓവന്‍ മടങ്ങുമ്പോൾ ഓസ്‌ട്രേലിയയ്ക്ക് 19 റൺസ് കൂടി മതിയായിരുന്നു. 22 പന്തിൽ 36 റൺസായിരുന്നു ഓവന്റെ സമ്പാദ്യം. ഇരുവരും ചേർന്ന് 59 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പിന്നീട് ക്രീസിലെത്തിയ സേവ്യർ ബാർട്ട്ലെറ്റിനും സ്റ്റാർക്കിനും അധിക നേരം പിടിച്ചു നിൽക്കാനായില്ല. ബാർട്ട്ലെറ്റ് അർശ്ദീപിന് വിക്കറ്റ് നൽകി മടങ്ങിയപ്പോൾ സിറാജിനായിരുന്നു സ്റ്റാർക്കിന്റെ വിക്കറ്റ്. ആദം സാമ്പയെ കൂട്ടുപിടിച്ച് കൊണോലി ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം, രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികളുടെ പിൻബലത്തിൽ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. 73 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 61 റൺസ് സംഭാവന ചെയ്തപ്പോൾ, അക്സർ പട്ടേൽ 44 റൺസെടുത്ത് മധ്യനിരയിൽ നിർണായക പങ്കുവഹിച്ചു. ഓസ്ട്രേലിയൻ ബൗളിംഗിൽ ആദം സാംപ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, സേവിയർ ബാർട്ട്‌ലെറ്റ് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ നേടി.

മത്സരത്തിന്റെ തുടക്കത്തിൽ ഓസീസ് പേസർമാർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിരവിയർത്തു. ആദ്യ അഞ്ചോവറിൽ ഓസീസ് ബൗളർമാർ ഇന്ത്യയെ പിടിച്ചുകെട്ടി. ഹേസൽവുഡ് രണ്ട് മെയ്ഡൻ ഓവറുകൾ എറിഞ്ഞപ്പോൾ, രോഹിത് ശർമ്മ ഭാഗ്യം കൊണ്ടാണ് പുറത്താവാതെ നിന്നത്. റണ്ണൗട്ടിൽ നിന്നും എൽബിഡബ്ല്യൂ അപ്പീലുകളിൽ നിന്നും രക്ഷപ്പെട്ടെങ്കിലും രോഹിത് ക്രീസിൽ പിടിച്ചുനിന്നു. എന്നാൽ, ഏഴാം ഓവറിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തൊട്ടുപിന്നാലെ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പവർ പ്ലേയിൽ വെറും 29 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു ഇന്ത്യ.

എന്നാൽ, പിന്നീട് ക്രീസിലെത്തിയ രോഹിത് ശർമയും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തേകി. ആദ്യ പത്തോവറിൽ 19 റൺസെടുത്ത രോഹിത്, പിന്നീട് വേഗത കൂട്ടി. 74 പന്തിൽ രോഹിത് അർധസെഞ്ചുറിയിലെത്തി. മികച്ച പിന്തുണയുമായി ശ്രേയസ് അയ്യരും ഒപ്പം ചേർന്നതോടെ ഇന്ത്യ 24-ാം ഓവറിൽ 100 റൺസ് പിന്നിട്ടു. 67 പന്തിൽ അർധസെഞ്ചുറി നേടിയ ശ്രേയസ്, രോഹിത്തിനൊപ്പം മൂന്നാം വിക്കറ്റിൽ 136 പന്തിൽ 118 റൺസ് കൂട്ടിചേർത്ത് ഇന്ത്യയെ തിരിച്ചുവരവിന് സഹായിച്ചു.

എന്നാൽ, സെഞ്ചുറിയോട് അടുക്കുകയായിരുന്ന രോഹിത്തിനെ (73) മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിയുകയും ഇന്ത്യൻ സ്കോറിംഗ് വേഗത കുറയുകയും ചെയ്തു. ശ്രേയസ് അയ്യർ 61 റൺസെടുത്ത് പുറത്തായെങ്കിലും, അക്സർ പട്ടേൽ 44 റൺസെടുത്ത് ടീമിനെ മുന്നോട്ട് നയിച്ചു. അവസാന ഓവറുകളിൽ കാര്യമായ സംഭാവന നൽകാൻ മറ്റ് താരങ്ങൾക്ക് കഴിഞ്ഞില്ല.