സിഡ്നി: ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിനായി ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വന്‍ തിരിച്ചടി. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമിക്കുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു ടൂര്‍ണമെന്റ് നഷ്ടമായേക്കും. പരിശീലകന്‍ ആന്‍ഡ്രു മക്ക്ഡൊണാള്‍ഡാണ് ക്യാപ്റ്റന്റെ പങ്കാളിത്തം സംശയത്തിലാണെന്നു വ്യക്തമാക്കിയത്.

സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരില്‍ ഒരാളായിരിക്കും ചാംപ്യന്‍സ് ട്രോഫിയില്‍ കമ്മിന്‍സിനു പകരം ഓസീസ് ടീമിനെ നയിക്കാന്‍ സാധ്യത. നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിലാണ് ഓസ്ട്രേലിയന്‍ സംഘം. ടീമില്‍ കമ്മിന്‍സ് ഇല്ല. പകരം സ്മിത്താണ് നയിക്കുന്നത്.

പരിക്കേറ്റ് വിശ്രമിക്കുന്ന മറ്റൊരു പേസര്‍ ജോഷ് ഹെയ്സല്‍വുഡിനും ചാംപ്യന്‍സ് ട്രോഫി നഷ്ടമായേക്കും. പരിക്കേറ്റ് പുറത്തുള്ള മിച്ചല്‍ മാര്‍ഷിന്റെ സേവനവും ഓസീസിനു നഷ്ടമാകും. മാര്‍ഷിനു പകരം ബ്യു വെബ്സ്റ്ററെ ഓസീസ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താരം ഇതുവരെ ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല.