സിഡ്നി: ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ സ്പിന്നർ മാറ്റ് കുഹ്നെമാൻ. മെൽബണിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ അഭിഷേക് കാഴ്ചവെച്ച പ്രകടനത്തെക്കുറിച്ചാണ് കുഹ്നെമാൻ സംസാരിച്ചത്. 'അഭിഷേക് ഒരു ബാറ്റിംഗ് പ്രതിഭയാണ്. ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ വലിയ ഷോട്ടുകൾ കളിക്കാൻ സാധിക്കുന്ന താരമാണ് അയാൾ,' കുഹ്നെമാൻ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 എന്ന നിലയിൽ സമനിലയിലാണ്. മെൽബണിൽ നടന്ന രണ്ടാം മത്സരത്തിൽ, ഒരുവശത്ത് ഇന്ത്യൻ വിക്കറ്റുകൾ വീഴുമ്പോഴും അഭിഷേക് 37 പന്തിൽ 68 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ അഭിഷേകിന്റെ പ്രകടനം നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ ടൂർണമെൻ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മെൽബണിൽ അഭിഷേക് തൻ്റെ യഥാർത്ഥ ധൈര്യം പുറത്തെടുത്തത്. 'ഞങ്ങൾ കളിക്കുന്ന രീതിയും ഓസ്‌ട്രേലിയ കളിക്കുന്ന രീതിയും ഒരുപോലെ സ്ഫോടനാത്മകമാണെന്ന് ഞാൻ കരുതുന്നു. നിലവിൽ, ആദ്യ പന്തു മുതൽ കളി വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. മധ്യനിരയിൽ വിക്കറ്റ് വീഴ്ത്തുന്നത് ഇരുടീമുകൾക്കും നിർണായകമാണ്,' കുഹ്നെമാൻ നിരീക്ഷിച്ചു.

'അടുത്ത രണ്ട് മത്സരങ്ങളിൽ ഏതെങ്കിലും ഒരു താരത്തിന് മികച്ച പ്രകടനം നടത്താനായാൽ ഐപിഎല്ലിലേക്ക് വഴി തുറക്കാൻ സാധ്യതയുണ്ട്. ഒരു സ്ലോ ലെഫ്റ്റ് ആം ബൗളർക്ക് നല്ലൊരു അവസരം ലഭിക്കുന്നത് നല്ല കാര്യമാണെന്നും' കുഹ്നെമാൻ അഭിപ്രായപ്പെട്ടു. താൻ ഐപിഎൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഒരു സ്പിന്നർ എന്ന നിലയിൽ നേട്ടമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു.