മുംബൈ: ന്യൂസിലൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് ആയുഷ് ബദോനിയെ ഉൾപ്പെടുത്തി. പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരക്കാരനായാണ് 26 വയസ്സുകാരനായ ബദോനിക്ക് ദേശീയ ടീമിലേക്ക് കന്നി വിളി എത്തുന്നത്. വരിയെല്ലിനേറ്റ പരിക്കാണ് വാഷിങ്ടൺ സുന്ദറിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാക്കിയത്. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ കളിച്ച സുന്ദർ മത്സരത്തിനിടെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു.

അഞ്ച് ഓവറുകൾ മാത്രം പന്തെറിഞ്ഞ താരം പിന്നീട് ഫീൽഡിൽ തിരിച്ചെത്തിയില്ല. ബാറ്റിങ്ങിൽ എട്ടാം സ്ഥാനത്താണ് സുന്ദർ ഇറങ്ങിയത്. ഓഫ് സ്പിന്നർ ഓൾറൗണ്ടറായ ആയുഷ് ബദോനി കഴിഞ്ഞ ഒരു വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. 57.96 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. വിജയ് ഹസാരെ ട്രോഫിയിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ ബദോനിക്ക് സാധിച്ചിരുന്നു.

നിലവിലെ ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്ന സമയത്താണ് ബദോനി ഐപിഎല്ലിൽ കളിച്ചിരുന്നത്. അടുത്ത രണ്ട് മത്സരങ്ങളിൽ ബദോനിക്ക് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്ന് വ്യക്തമല്ല. ഈ പരമ്പരയിൽ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ താരമാണ് വാഷിങ്ടൺ സുന്ദർ. തിലക് വർമയ്ക്കും ഋഷഭ് പന്തിനും വയറിന് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തുപോയിരുന്നു.