ചെന്നൈ:ഐപിഎല്ലില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരെ 210 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്.സ്വന്തം മണ്ണില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സെടുത്തത്.43 പന്തില്‍ 73 റണ്‍സ് നേടിയ ആയുഷ് മാത്രെയുടെ തകര്‍പ്പന്‍ ഇന്നിങ്ങ്സാണ് ചെന്നൈയുടെ നട്ടെല്ല്.ശിവം ദുബെ (28 പന്തില്‍ 45), സര്‍ഫറാസ് ഖാന്‍ (12 പന്തില്‍ 32) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു.സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല.7 റണ്‍സ് മാത്രമെടുത്ത് സഞ്ജു തുടക്കത്തിലെ മടങ്ങിയത് ആരാധകര്‍ക്ക് നിരാശയായി.

രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് ചെന്നൈക്ക് നഷ്ടമായി.ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത സഞ്ജുവിനെ സേവ്യര്‍ ബാര്‍ട്ട്‌ലറ്റ് പുറത്താക്കി. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആറ് റണ്‍സ് മാത്രമായിരുന്നു ചെന്നൈ വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. തുടര്‍ന്ന് മാത്രെ - റുതുരാജ് ഗെയ്കവാദ് (22 പന്തില്‍ 28) സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റുതുരാജിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സഹായിച്ചില്ല.

12-ാം ക്യാപ്്റ്റന്‍ പുറത്താവുകയും ചെയ്തു. യൂസ്വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്. വൈകാതെ മാത്രെയും മടങ്ങി. 43 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും ആറ് ഫോറുമാണ് നേടിയത്. തുടര്‍ന്നെത്തിയ കാര്‍ത്തിക് ശര്‍മയ്ക്ക് (1) തിളങ്ങാനായില്ല. എന്നാല്‍ സര്‍ഫറാസ് - ദുബെ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ച ഒഴിവാക്കി. 17-ാം ഓവറിലാണ് സര്‍ഫറാസ് മടങ്ങുന്നത്.ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

പിന്നീട് പ്രശാന്ത് വീറിനെ കൂട്ടുപിടിച്ച് ദുബെ ചെന്നൈയുടെ സ്‌കോര്‍ 200 കടത്തുകയായിരുന്നു.ദുബെ ഒരു സിക്‌സും അഞ്ച് ഫോറുകളുമാണ്് നേടിയത്.6 റണ്‍സുമായി പ്രശാന്ത് വീര്‍ ദുബെയ്ക്കൊപ്പം പുറത്താവാതെ നിന്നു.ആദ്യ മത്സരം തോറ്റ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.പഞ്ചാബ് ആദ്യ മത്സരത്തില്‍ ജയം നേടിയിരുന്നു.