അബുദാബി: ഏഷ്യാ കപ്പിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബംഗ്ലാദേശിന് ഇന്ന് ആദ്യ മത്സരം. അബു ദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹോങ്കോങ് ആണ് ബംഗ്ലാ കടുവകളുടെ എതിരാളികൾ. 2012, 2016, 2018 വർഷങ്ങളിൽ ഫൈനൽ വരെയെത്തിയ ബംഗ്ലാദേശ് ഇത്തവണ കിരീടത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

പുതിയ ക്യാപ്റ്റൻ ലിറ്റൻ ദാസിന് കീഴിൽ ടീം കളിക്കുന്ന ആദ്യ ടൂർണമെൻ്റ് കൂടിയാണിത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് 94 റൺസിന് ദയനീയമായി പരാജയപ്പെട്ട ഹോങ്കോങ്ങിനെതിരെ അനായാസ വിജയമാണ് ബംഗ്ലാ കടുവകൾ ലക്ഷ്യമിടുന്നത്. ഈ മത്സരം വിജയിച്ച് ടൂർണമെൻ്റിൽ മികച്ച തുടക്കം കുറിക്കാൻ ബംഗ്ലാദേശിന് സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാകാനാണ് സാധ്യത.

ഏഷ്യാ കപ്പിൽ ഇരുടീമുകളും നേർക്കുനേർ വരുന്നത് ഇത് രണ്ടാം തവണയാണ്. 2014ലെ ട്വന്റി20 ലോകകപ്പിൽ നടന്ന ആദ്യ മത്സരത്തിൽ ഹോങ് കോങ്ങ് ബംഗ്ലാദേശിനെ അട്ടിമറിച്ചിരുന്നു. അന്ന് 109 റൺസ് വിജയലക്ഷ്യം രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കി നിൽക്കെ ഹോങ് കോങ്ങ് മറികടന്നു.

ബംഗ്ലാദേശിന്റെ സാധ്യത ടീം: ലിറ്റൺ ദാസ് ( c & wk ), തൻസിദ് ഹസൻ, പർവേസ് ഹുസൈൻ ഇമോൻ, തൗഹിദ് ഹൃദോയ്, ഷമീം ഹുസൈൻ, ജേക്കർ അലി, മഹിദി ഹസൻ, റിഷാദ് ഹുസൈൻ, ടസ്കിൻ അഹമ്മദ്, തൻസിം ഹസൻ സക്കിബ്, മുസ്തഫിസുർ റഹ്മാൻ.

ഹോങ് കോങ്ങിന്റെ സാധ്യത ടീം: സീഷാൻ അലി (wk), ബാബർ ഹയാത്, അൻഷുമാൻ റാത്തോർ, നിസകത് ഖാൻ, ഐസാസ് ഖാൻ, കെഡി ഷാ, യാസിം മുർത്തസ (c), ആയുഷ് ഷുക്ല, അത്തീഖ് ഇഖ്ബാൽ, എഹ്സാൻ ഖാൻ, മാർട്ടിൻ കോയറ്റ്സീ.