- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല, ടി20 ലോകകപ്പിന് ബംഗ്ലാദേശില്ല; പകരമെത്തുന്നത് സ്കോട്ട്ലൻഡ്; ഐസിസിയുടെ ഔദ്യോഗിക ക്ഷണം

ദുബൈ: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ധാരണയായി. ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിനെ തുടർന്നാണ് ഐസിസിയുടെ ഈ നിർണ്ണായക നീക്കം. ക്രിക്കറ്റ് സ്കോട്ട്ലൻഡിന് ഔദ്യോഗിക ക്ഷണം അയച്ചതായും വിവരങ്ങൾ പുറത്തുവന്നു. വരും മണിക്കൂറിനുള്ളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ഐസിസി നിശ്ചയിച്ച 24 മണിക്കൂർ സമയപരിധി പാലിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) തയ്യാറായിരുന്നില്ല. ഐസിസി നയങ്ങൾക്കു വിരുദ്ധമായ ആവശ്യങ്ങളാണ് ബിസിബി മുന്നോട്ടുവെച്ചതെന്നും, ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ അവർ വിസമ്മതിച്ചെന്നും ചൂണ്ടിക്കാട്ടി ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത ബോർഡ് അംഗങ്ങൾക്ക് കത്തയച്ചിരുന്നു. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ക്ഷണിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് കത്തിൽ വ്യക്തമാക്കിയതായും വിവരമുണ്ട്.
ഈ കത്തിന്റെ പകർപ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും അയച്ചിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നതിനായി ക്രിക്കറ്റ് സ്കോട്ട്ലൻഡ് അധികൃതരുമായി ഐസിസി പ്രതിനിധികൾ ആശയവിനിമയം നടത്തിവരികയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നാൽ തുടർനടപടികൾ ഉടൻ സ്വീകരിക്കാൻ സ്കോട്ട്ലൻഡ് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുണ്ട്.


