- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ കേരളത്തിൽ?; കളികൾ ശ്രീലങ്കയിലേക്ക് മാറ്റില്ല; ആ വേദികളിൽ സുരക്ഷിതമായി കളിക്കാൻ കഴിയുമെന്ന് ഐസിസി
ദുബായ്: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ തിരുവനന്തപുരത്തെ കാര്യവട്ടത്തും ചെന്നൈയിലുമായി നടത്താൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ശുപാർശ. ഇന്ത്യയിൽ മത്സരങ്ങൾ കളിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഉന്നയിച്ച സുരക്ഷാ ആശങ്കകളെ തുടർന്നാണ് ഐസിസിയുടെ ഈ പുതിയ നീക്കം. ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി നേരത്തെ ഐസിസിക്ക് കത്തയച്ചിരുന്നു.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു ബിസിബി ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഐസിസി ഈ ആവശ്യം തള്ളുകയും ബംഗ്ലാദേശ് ഇന്ത്യയിൽ തന്നെ ലോകകപ്പ് കളിക്കണമെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു. നിലവിൽ കൊൽക്കത്തയിലും മുംബൈയിലുമായി നിശ്ചയിച്ചിരുന്ന ബംഗ്ലാദേശിന്റെ മത്സരങ്ങൾക്കാണ് ഐസിസി പുതിയ വേദികൾ നിർദേശിച്ചിരിക്കുന്നത്.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയവും തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയവുമാണ് ബംഗ്ലാദേശിന് സുരക്ഷിതമായി കളിക്കാൻ സാധിക്കുമെന്ന് ഐസിസി മുന്നോട്ടുവെച്ച പുതിയ വേദികൾ. ഐസിസിയുടെ ഈ നിർദേശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അംഗീകരിക്കുകയാണെങ്കിൽ, കേരളം ടി20 ലോകകപ്പ് പോരാട്ടങ്ങൾക്ക് വേദിയാകും. ഇത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ നിമിഷമാകും. ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റാൻ മാസങ്ങൾക്ക് മുൻപ് ധാരണയായിരുന്നതിന് പിന്നാലെയാണ് ബംഗ്ലാദേശും വേദിമാറ്റം ആവശ്യപ്പെട്ടെത്തിയത്.




