തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ മഹാരാഷ്ട്രയുടെ ബൗളിംഗ് നിരയുടെ മുന്നിൽ ആദ്യ ഇന്നിംഗ്‌സിൽ കേരളത്തിന് മോശം തുടക്കം. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 239 റൺസിന് മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് കളി അവസാനിക്കുമ്പോൾ 35 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഇന്നിംഗ്‌സിൽ 204 റൺസിന് പിന്നിലാണ് കേരളം. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ രജനീഷ് ഗുർബാനിയാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയെ തുടടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കിയത്. മുൻ കേരളാ താരമായ ജലജ് സക്‌സേന ഒരു വിക്കറ്റ് നേടി.

കേരളത്തിനായി നിലവിൽ സച്ചിൻ ബേബിയാണ് (0) ക്രീസിലുള്ളത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മഹാരാഷ്ട്രയെ കുറഞ്ഞ സ്കോറിന് എരിഞ്ഞൊതുക്കാൻ കേരള ബൗളർമാർക്കായി. കേരളത്തിനായി എം.ഡി. നിധീഷിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തി. എൻ.പി. ബേസിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നിധീഷിന് മികച്ച പിന്തുണ നൽകി. റുതുരാജ് ഗെയ്ക്വാദിന്റെ (91)യും ജലജ് സക്‌സേനയുടെ (49)യും ചെറുത്തുനിൽപ്പാണ് മഹാരാഷ്ട്രയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.

അക്ഷയ് ചന്ദ്രന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഗുർബാനിയുടെ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയി പുറത്തായ താരം 21 പന്തുകൾ നേരിട്ടിട്ടും റണ്ണൊന്നും നേടാനായില്ല. മൂന്നാമനായി ക്രീസിലെത്തിയ അതിഥി താരം ബാബ അപരാജിതും നിരാശപ്പെടുത്തി. ഗുർബാനിയുടെ തന്നെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി 13 പന്തിൽ നിന്ന് 6 റൺസെടുത്ത് താരം മടങ്ങി. രോഹൻ കുന്നുമ്മൽ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും 28 പന്തിൽ 27 റൺസെടുത്ത് ജലജ് സക്‌സേനയുടെ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയി പുറത്തായി.

പിന്നീടാണ് മഴയെത്തിയത്, ഇത് കളി നിർത്തിവെക്കാൻ കാരണമായി. സഞ്ജു സാംസൺ, സൽമാൻ നിസാർ, മുഹമ്മദ് അസറുദ്ദീൻ തുടങ്ങിയ പ്രധാന താരങ്ങൾ ഇനി ക്രീസിലെത്താനുണ്ട്. ഇവരുടെ പ്രകടനം കേരളത്തിന് നിർണായകമാണ്. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് 239 റൺസിന് അവസാനിച്ചു. ആദ്യ ദിനം ഒരു ഘട്ടത്തിൽ 5ന് 18 എന്ന നിലയിൽ തകർന്നു നിന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്ക്വാദിന്റെ (91) മികച്ച ഇന്നിംഗ്‌സാണ് കരകയറ്റിയത്. ജലജ് സക്‌സേന (49)യും മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ദിനം 59 ഓവറുകൾ മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചിരുന്നത്.

ഏഴിന് 179 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. മഴയെ തുടർന്ന് രണ്ടാം ദിനം ആദ്യ സെഷനിൽ കളി നടന്നിരുന്നില്ല. ലഞ്ചിന് ശേഷമാണ് കളി പുനരാരംഭിച്ചത്. വിക്കി ഒസ്ത്വാൾ (38), രാമകൃഷ്ണ ഘോഷ് (31) എന്നിവർ കൂട്ടിച്ചേർത്ത 59 റൺസാണ് മഹാരാഷ്ട്രയെ 200 കടത്തിയത്. ഘോഷിനെ പുറത്താക്കി അങ്കിത് ശർമ്മ കേരളത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നു. ഗുർബാനിയും ഒസ്ത്വാളും വൈകാതെ മടങ്ങിയതോടെ മഹാരാഷ്ട്രയുടെ ഇന്നിങ്സ് അവസാനിച്ചു.