- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരം, പുരസ്കാരങ്ങൾ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിന് സമർപ്പിക്കുന്നു'; ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായതിന് പിന്നാലെ പ്രതികരിച്ച് ബാറ്റിങ് സെൻസേഷൻ വൈഭവ്

ഹരാരെ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം ചൂടുമ്പോൾ, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവൻ വൈഭവ് സൂര്യവൻശിയുടെ ബാറ്റിങ് പ്രകടനത്തിലാണ്. സൂര്യവന്‍ഷിയെ ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് വൈഭവ്. ഏഴ് മത്സരങ്ങളില്‍ 444 റണ്‍സ് നേടിയ ബെന്‍ മയേസാണ് ഒന്നാം സ്ഥാനത്ത്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് മത്സരശേഷം വൈഭവ് സൂര്യവംശി പ്രതികരിച്ചു. "ഈ പുരസ്കാരങ്ങൾ ടീമിന്റെ സപ്പോർട്ടിംഗ് സ്റ്റാഫിന് സമർപ്പിക്കുന്നു. കഴിഞ്ഞ 6-8 മാസമായി ടീമിലെ എല്ലാവരും കഠിനാധ്വാനത്തിലായിരുന്നു. പരിശീലകർ ഞങ്ങളുടെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. മത്സരങ്ങളിൽ അനാവശ്യമായ സമ്മർദ്ദം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. കാര്യങ്ങൾ ലളിതമായി കാണാനാണ് ശ്രമിച്ചത്. ടൂർണമെന്റിലുടനീളം ഞങ്ങൾ പിന്തുടർന്ന അതേ ശൈലി തന്നെ ഫൈനലിലും തുടർന്നു," വൈഭവ് പറഞ്ഞു.
കഴിഞ്ഞ 8-9 മാസങ്ങളായി ഈ ലോകകപ്പിനായുള്ള ഒരുക്കത്തിലായിരുന്നുവെന്നും എത്രത്തോളം പരിശ്രമം ഇതിന് പിന്നിലുണ്ടെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും വൈഭവ് കൂട്ടിച്ചേർത്തു. "എന്റെ കഴിവുകളിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിക്കുമെന്ന് ഉറപ്പായിരുന്നു," താരം വ്യക്തമാക്കി.
അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ആറാം കിരീടമായിരുന്നു ഇത്. ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്താണ് ഇന്ത്യ യുവരാജാക്കന്മാരായത്. ഫൈനലിലും ടൂർണമെന്റിലുടനീളവും തകർപ്പൻ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവംശി പ്ലെയർ ഓഫ് ദി മാച്ച്, പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരങ്ങൾ സ്വന്തമാക്കി.
ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. വെറും 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് ഓൾ ഔട്ടായി. 115 റൺസ് നേടിയ കലേബ് ഫാൽകോണറും 66 റൺസെടുത്ത ബെൻ ഡോക്കിൻസുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ഇന്ത്യക്ക് വേണ്ടി ആർ എസ് ആംബ്രിഷ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപേഷ് ദേവേന്ദ്രൻ രണ്ട് വിക്കറ്റ് നേടി.


