മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ആവേശപ്പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയെങ്കിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം ടിം ഡേവിഡിനെതിരെ ബിസിസിഐയുടെ നടപടി. അമ്പയറുടെ നിർദ്ദേശം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.4 പ്രകാരമുള്ള ലംഘനത്തിനാണ് നടപടി. മത്സരത്തിനിടെ പന്ത് അമ്പയർക്ക് കൈമാറാൻ വൈകിയതാണ് ടിം ഡേവിഡിന് വിനയായത്.

ആർസിബി ബാറ്റിങ്ങിന്റെ 18-ാം ഓവറിൽ പന്ത് മാറ്റാൻ അമ്പയർമാർ നിർദ്ദേശിച്ചപ്പോൾ, പന്ത് പരിശോധിക്കണമെന്ന വാശിയിൽ ഡേവിഡ് അത് നൽകാൻ തയ്യാറായില്ല. പിന്നീട് 20-ാം ഓവറിലും സമാനമായ രീതിയിൽ അമ്പയറുടെ നിർദ്ദേശം താരം ലംഘിച്ചു. ഇതോടെ ഒരു ഡിമെറിറ്റ് പോയിന്റും താരത്തിന്റെ അക്കൗണ്ടിലെത്തി. താൻ ചെയ്ത തെറ്റ് താരം സമ്മതിച്ചിട്ടുണ്ട്. മറുഭാഗത്ത് സ്ലോ ഓവർ റേറ്റിന്റെ പേരിൽ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്കും പിഴ ശിക്ഷ ലഭിച്ചു.

സീസണിലെ ആദ്യ ചട്ടലംഘനമായതിനാൽ 12 ലക്ഷം രൂപയാണ് ഹാർദിക് പിഴയായി നൽകേണ്ടത്. വാങ്കഡെ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ 18 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തങ്ങളുടെ കരുത്ത് തെളിയിച്ചു. ആദ്യം ബാറ്റ് ചെയ്ത ആർസിബി ബാറ്റിങ് നിരയുടെ സംഹാരരൂപമാണ് വാങ്കഡെയിൽ കണ്ടത്. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന കൂറ്റൻ സ്കോറാണ് അവർ പടുത്തുയർത്തിയത്.

36 പന്തിൽ 78 റൺസെടുത്ത ഫിൽ സാൾട്ട്, 20 പന്തിൽ 53 റൺസുമായി വെടിക്കെട്ട് നടത്തിയ രജത് പാട്ടിദാർ, 38 പന്തിൽ 50 റൺസ് നേടിയ വിരാട് കോലി എന്നിവരുടെ പ്രകടനമാണ് ബംഗളൂരുവിനെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളിൽ 16 പന്തിൽ പുറത്താകാതെ 34 റൺസെടുത്ത ടിം ഡേവിഡും സ്കോറിങ്ങിന് വേഗം കൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ശക്തമായി പൊരുതിയെങ്കിലും 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനേ അവർക്ക് സാധിച്ചുള്ളൂ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ ആധിപത്യം പുലർത്തിയാണ് ബംഗളൂരു ഈ തകർപ്പൻ വിജയം സ്വന്തമാക്കിയത്.