മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമിന് വന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മൊത്തമായി 58 കോടി രൂപ പാരിതോഷികമായി നല്‍കുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്നത്.

ബിസിസിഐ പ്രഖ്യാപിച്ച് പാതിതോഷികം കളിക്കാര്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കും ലഭിക്കും. അതേസമയം ഓരോരുത്തര്‍ക്കും എത്ര വെച്ച് ലഭിക്കും എന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

''ഐസിസി കിരീടങ്ങള്‍ തുടര്‍ച്ചയായി നേടുന്നത് സവിശേഷമാണ്, ആഗോളതലത്തില്‍ ടീം ഇന്ത്യയുടെ അര്‍പ്പണബോധവും മികവിനുമുള്ള അംഗീകാരമാണ് ഈ പ്രതിഫലം. 2025ലെ ഞങ്ങളുടെ രണ്ടാമത്തെ ഐസിസി ട്രോഫി കൂടിയാണിത്''- ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു.

''അര്‍ഹിച്ച പ്രതിഫലം നല്‍കി കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ആദരിക്കുകയാണ് ബിസിസിഐ ചെയ്യുന്നത്, അതില്‍ അഭിമാനമുണ്ട്. ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും തന്ത്രപരമായി കാര്യങ്ങള്‍ നിര്‍വഹിച്ചതിന്റെയും ഫലമാണ്. ഈ വിജയം നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്കിനെ സാധൂകരിക്കുന്നതാണ്. കൂടാതെ ടീമിന്റെ പ്രതിബദ്ധത ഇനിയും തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'' ബിസിസിഐ ഹോണററി സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.