മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ മാറ്റി മുൻ താരം വി.വി.എസ്. ലക്ഷ്മണിനെ നിയമിക്കാൻ ബി.സി.സി.ഐ. പദ്ധതിയിടുന്നെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി. ഗംഭീറിനെ പുറത്താക്കി പുതിയൊരു പരിശീലകനെ കൊണ്ടുവരാൻ നിലവിൽ ബി.സി.സി.ഐക്ക് ഒരു പദ്ധതിയും ഇല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

'മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞതുതന്നെയാണ് എനിക്കും പറയാനുള്ളത്. ഗംഭീറിനെ പുറത്താക്കാനോ പുതിയ പരിശീലകനെ കൊണ്ടുവരാനോ ഞങ്ങൾ പദ്ധതിയിട്ടില്ല,' ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ നേരത്തെ ദേവജിത് സൈകിയയും അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞിരുന്നു. "തീർത്തും തെറ്റായ വാർത്തയാണത്. ചില വാർത്താ ഏജൻസികൾ പോലും ഈ വാർത്ത നൽകിയിട്ടുണ്ട്. ഇതെല്ലാം ആരുടെയോ ഭാവനയാണ്. ഒരു സത്യവും ഇക്കാര്യത്തിലില്ല," സൈകിയ മുൻപ് വ്യക്തമാക്കിയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ മോശമായ സാഹചര്യത്തിലാണ് പരിശീലക മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഗംഭീറിനെ ഏകദിന, ടി20 പരിശീലകനായി നിലനിർത്തി ടെസ്റ്റ് ടീമിന് മാത്രമായി വി.വി.എസ്. ലക്ഷ്മണിനെ കോച്ചാക്കാനുള്ള ആലോചന ബി.സി.സി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടെന്നായിരുന്നു പ്രധാന പ്രചാരണം. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കെതിരായ ടെസ്റ്റ് പരമ്പരകളിലെ മോശം പ്രകടനങ്ങളായിരുന്നു ഈ റിപ്പോർട്ടുകൾക്ക് പിന്നിൽ.

സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പരകൾ പൂർണമായി തോറ്റതും ഓസ്ട്രേലിയൻ മണ്ണിലെ മോശം പ്രകടനവും ഗംഭീറിന്റെ കീഴിലായിരുന്നു. സമീപകാലത്ത് 10 ടെസ്റ്റ് തോൽവികളാണ് ഇന്ത്യ നേരിട്ടത്. ഈയിടെ ദക്ഷിണാഫ്രിക്കയോട് നടന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടതും ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇംഗ്ലീഷ് മണ്ണിൽ 2-2ന് പരമ്പര സമനിലയിൽ സ്വന്തമാക്കി സച്ചിൻ-ആൻഡേഴ്സൺ ട്രോഫി കൈവിട്ടില്ല എന്നത് മാത്രമാണ് ടെസ്റ്റിൽ ഗംഭീറിന് നിലവിൽ ആശ്വസിക്കാനുള്ള ഏക കാര്യം.