ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. ടീമിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. ടീമിന് അഭിനന്ദനങ്ങള്‍ നല്‍കുന്നുവെന്നും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വിജയമാണിതെന്നും ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

ക്വലാലംപുരിലെ ബയൂമാസ് ഓവലില്‍ നടന്ന ഫൈനലില്‍, 52 പന്ത് ബാക്കിനില്‍ക്കേ ഒമ്പതുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. കര്‍ണാടകക്കാരിയായ നിക്കി പ്രസാദ് നയിച്ച ഇന്ത്യന്‍ ടീമില്‍ വയനാട്ടുകാരിയായ ഓള്‍റൗണ്ടര്‍ വി.ജെ. ജോഷിതയും അംഗമായിരുന്നു. ടൂര്‍ണമെന്റില്‍ ഒരുമത്സരംപോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടത്തിലെത്തിയത്.

എല്ലാ മത്സരങ്ങളും വിജയിച്ചത് വന്‍മാര്‍ജിനിലുമായിരുന്നു. 2023-ല്‍ നടന്ന പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. ഫൈനലില്‍ മൂന്നുവിക്കറ്റും 44 റണ്‍സും നേടിയ തെലങ്കാന ഓള്‍റൗണ്ടര്‍ ഗംഗാഡി തൃഷ ഫൈനലിലെയും ടൂര്‍ണമെന്റിലെയും താരമായി.