- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാമ്പ്യന്‍സ് ട്രോഫി നേടിയ നായകന്; ഏകദിന ലോകകപ്പ് കളിക്കാനുള്ള മോഹം നടക്കുമോ? രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി തുലാസില്‍? നിര്‍ണായക ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് ബിസിസിഐ; ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി തുലാസില്‍?
മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആരായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക? ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് നേടിത്തന്ന രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടീമിലെ സ്ഥാനം നിലനിര്‍ത്തുമെങ്കിലും രോഹിതിന്റെ ഏകദിന ക്യാപ്റ്റന്‍സി സംശയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. രോഹിതുമായി അജിത് അഗാര്‍ക്കര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഏകദിന ക്യാപ്റ്റന്‍സിയില്‍ ചര്‍ച്ച നടക്കുന്നത്. ഏഷ്യ കപ്പ് നേടിയ ടി20 ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഏകദിനത്തില്‍ എന്തൊക്കെയായിരിക്കും മാറ്റങ്ങള്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ തെറിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടീമില്‍ ഇടം ഉണ്ടാകുമെന്നും എന്നാല്‍ ക്യാപ്റ്റന്‍ പദവി ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും ബിസിസിഐ സൂചന നല്‍കിയതായാണ് വിവരം. ഇക്കാര്യം രോഹിതിനോട് നേരിട്ട് സംസാരിക്കാനും ബിസിസിഐക്ക് പദ്ധതിയുണ്ടെന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് ഒക്ടോബര്‍ നാല് ശനിയാഴ്ച സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ പങ്കെടുക്കുന്ന ബിസിസിഐ യോഗം നടക്കും. യോഗത്തില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി വലിയ ചര്‍ച്ചയമാകും. ഇതിന് ശേഷം ഇന്ന് തന്നെ അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളത്തില്‍ ടീം പ്രഖ്യാപിച്ചേക്കും. പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ ഫിറ്റ്‌നസ് ടെസ്റ്റ് നേരത്തേ പാസായിരുന്നു. അതേസമയം,രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നിലവില്‍ കാരണങ്ങള്‍ ഒന്നുമില്ലെന്നും താരം സ്വമേധയാ അത്തരത്തില്‍ ഒരാവശ്യം ഉന്നയിച്ചാല്‍ മാത്രമേ പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളൂവെന്ന് വാദിക്കുന്നവരും കുറവല്ല.
പരുക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ചേക്കില്ല. ഏഷ്യാക്കപ്പിലെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് ഹാര്‍ദികിന് പരുക്കേറ്റത്. പരുക്ക് ഭേദമായില്ലെങ്കില്‍ പകരക്കാരനായി നിതീഷ്‌കുമാര്‍ റെഡ്ഡി ടീമിലെത്തും. സീം ബോളിങ് ഓള്‍റൗണ്ടറായി ശുഭം ദുബെയും പരിഗണനയിലുണ്ട്. കെ.എല്‍.രാഹുല്‍ വിക്കറ്റ് കീപ്പറാകുമെന്നും സഞ്ജു സെക്കന്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചേക്കുമെന്നും സൂചനകളുണ്ട്. ടെസ്റ്റില്‍ സെഞ്ചറിയടിച്ച ധ്രുവ് ജുറേല്‍ ടീമില്‍ ഇടം നേടുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ജസ്പ്രീത് ബുംറയ്ക്ക് പുറമെ കുല്‍ദീപിനും ഗില്ലിനും വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏകദിനത്തില്‍ നിന്നോ ട്വന്റി20യില്‍ നിന്നോ വിശ്രമിക്കാനോ അതോ രണ്ടില്‍ നിന്നും വിശ്രമിക്കാനോ മാനേജ്െമന്റ് ഗില്ലിനോട് ആവശ്യപ്പെടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഏത് ഫോര്‍മാറ്റിലാകും ഗില്ലിന് വിശ്രമം അനുവദിക്കുക എന്നതിനെ ആശ്രയിച്ചാകും അഭിഷേകോ, യശസ്വിയോ, സായ് സുദര്‍ശനോ ആര്‍ക്കാകും നറുക്കെന്നതില്‍ വ്യക്തത വരിക.
അഹമ്മദാബാദ് ടെസ്റ്റ് അവസാനിക്കുമ്പോള്‍ ഏകദിന ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഒക്ടോബര്‍ 19ന് പെര്‍ത്തിലാകും ത്രിദിന പരമ്പരയ്ക്ക് തുടക്കമാകുക. ഒക്ടോബര്‍ 23ന് അഡ്‌ലെയ്ഡ്, 25ന് സിഡ്‌നി എന്നിങ്ങനെയാണ് മല്‍സരങ്ങള്‍. പിന്നാലെ അഞ്ചു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയും നടക്കും. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ടുവരെയാണ് ട്വന്റി 20 മല്‍സരങ്ങള്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രോഹിതും കോലിയും ഇന്ത്യന്‍ കുപ്പായത്തിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു കോലിയെങ്കില്‍ ന്യൂസീലന്‍ഡിനെതിരായ ഫൈനലിലാണ് രോഹിതിന് ഫോം വീണ്ടെടുക്കാനായത്. ടെസ്റ്റില്‍ നിന്നും ട്വന്റി 20യില്‍ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തില്‍ മാത്രമാണ് നിലവില്‍ തുടരുന്നത്. 2027ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ കോലിയും രോഹിതും വിരമിച്ചേക്കുമെന്നാണ് സൂചനകളും.
ഒന്‍പത് ഏകദിനങ്ങള്‍ മാത്രമാണ് ഈ വര്‍ഷം ഇനി ഇന്ത്യയ്ക്കുള്ളത്. അതില്‍ മൂന്നെണ്ണം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് . കൂടാതെ ആറ് ഹോം മല്‍സരങ്ങളും. ഇന്ത്യ കളിക്കും. അടുത്ത വര്‍ഷമാദ്യം ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിലാണ് നിലവില്‍ ഇന്ത്യയുടെ ശ്രദ്ധ. ഒപ്പം നിലവിലെ നാല് ഹോം ടെസ്റ്റുകളില്‍ നിന്ന് പരമാവധി പോയിന്റുകള്‍ നേടാനും.