മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനും പരിശീലകനുമായ ബോബ് സിംപ്സൺ (89) അന്തരിച്ചു. സിഡ്‌നിയിലായിരുന്നു അന്ത്യം. കളിക്കാരൻ, നായകൻ, പരിശീലകൻ എന്നീ നിലകളിൽ നാല് പതിറ്റാണ്ടിലേറെ ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് വഴിയൊരുക്കിയ പരിശീലകനായും ചരിത്രത്തിൽ ഇടംനേടിയ വ്യക്തിയാണ് സിംപ്സൺ. 1957 മുതൽ 1978 വരെ നീണ്ട കരിയറിൽ ഓപ്പണിങ് ബാറ്ററായും സ്ലിപ്പിലെ വിശ്വസ്തനായ ഫീൽഡറായും അദ്ദേഹം തിളങ്ങി.

1964-ൽ ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 311 റൺസാണ് അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി. ഡോൺ ബ്രാഡ്‌മാന് ശേഷം ടെസ്റ്റിൽ 300 റൺസ് നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ താരമെന്ന നേട്ടവും ഇതോടെ അദ്ദേഹം സ്വന്തമാക്കി. 1968-ൽ 41-ാം വയസ്സിൽ വിരമിച്ചെങ്കിലും പിന്നീട് ടീമിന്റെ ആവശ്യപ്രകാരം തിരിച്ചെത്തുകയായിരുന്നു. കെറി പാക്കർ സീരീസിനെ തുടർന്ന് പ്രമുഖ താരങ്ങൾ വിട്ടുനിന്നപ്പോഴാണ് ടീമിന്റെ നായകനായി തിരിച്ചെത്തിയത്.

1986 മുതൽ 1996 വരെ ഓസ്‌ട്രേലിയയുടെ ആദ്യ സമ്പൂർണ്ണ സമയ പരിശീലകനായിരുന്ന സിംപ്സണിന്റെ കീഴിലാണ് ടീം പ്രതാപം വീണ്ടെടുത്തത്. 1987-ൽ അലൻ ബോർഡറുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്തത് അദ്ദേഹത്തിന്റെ തന്ത്രങ്ങളായിരുന്നു. 1989-ലെ ആഷസ് പരമ്പര വിജയവും 1995-ൽ വെസ്റ്റ് ഇൻഡീസിനെ അവരുടെ നാട്ടിൽ തോൽപ്പിച്ച ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയവും സിംപ്സന്റെ പരിശീലക കരിയറിലെ സുപ്രധാന നാഴികക്കല്ലുകളാണ്. ഓസ്‌ട്രേലിയക്കായി 62 ടെസ്റ്റുകൾ കളിച്ച സിംപ്സൺ, 46.81 ശരാശരിയിൽ 10 സെഞ്ചുറികളും 27 അർധസെഞ്ചുറികളും സഹിതം 4869 റൺസ് നേടിയിട്ടുണ്ട്.

311 റൺസാണ് ഉയർന്ന സ്കോർ. ഓഫ് സ്പിന്നർ കൂടിയായിരുന്ന അദ്ദേഹം 71 വിക്കറ്റുകളും ടെസ്റ്റിൽ 110 ക്യാച്ചുകളും സ്വന്തമാക്കി. 39 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 1936 ഫെബ്രുവരി 3-ന് സിഡ്‌നിയിലെ മാരിക്‌വില്ലിലായിരുന്നു റോബർട്ട് ബാഡ്‌ലി സിംസൺ എന്ന ബോബ് സിംസന്റെ ജനനം. ചെറുപ്പത്തിൽത്തന്നെ പ്രതിഭ തെളിയിച്ച അദ്ദേഹം 12-ാം വയസ്സിൽ സംസ്ഥാന ടീമിലും 16-ാം വയസ്സിൽ ഷെഫീൽഡ് ഷീൽഡിലും അരങ്ങേറ്റം കുറിച്ചു. സ്റ്റീവ് വോ, ഡേവിഡ് ബൂൺ, ഡീൻ ജോൺസ് തുടങ്ങിയ നിരവധി താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. താൻ കണ്ട ഏറ്റവും മികച്ച പരിശീലകൻ എന്നാണ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ സിംപ്സണെ വിശേഷിപ്പിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 60 സെഞ്ചുറികൾ ഉൾപ്പെടെ 21,029 റൺസ് നേടിയിട്ടുണ്ട്.