മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. നാളെ മെല്‍ബണിലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിന് മുന്നോടിയായി മികച്ച മുന്നൊരുക്കങ്ങളാണ് ഇന്ത്യൻ താരങ്ങൾ നടത്തുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനായി വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയം ഇന്ത്യക്ക് അനിവാര്യമാണ്. മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ജോഷ് ഹേസല്‍വുഡ്, മോശം ഫോമിലുള്ള നതാന്‍ മക്‌സ്വീനി എന്നിവര്‍ പുറത്തായി. പകരം സ്‌കോട്ട് ബോളണ്ട്, 19 കാരനായ സാം കോണ്‍സ്റ്റാസ് എന്നിവര്‍ ടീമിലെത്തി. പരിക്കിന്റെ പിടിയിലായിരുന്ന ട്രാവിസ് ഹെഡും ടീമിൽ തിരിച്ചെത്തും.

സ്പിന്നര്‍മാര്‍ക്ക് നേരിയ പിന്തുണ ലഭിക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അതുകൊണ്ടുതന്നെ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദറിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മോശം ഫോമിൽ തുടരുന്ന ശുഭ്മാന്‍ ഗില്ലിനെ നിർണായക മത്സരത്തിൽ പുറത്ത് ഇരുത്താനാണ് സാധ്യത. രോഹിത് ഓപ്പണറായി തിരിച്ചെത്തുമെന്നാണ് കണക്ക് കൂട്ടൽ. കെ എല്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കും. യശസ്വി ജയ്‌സ്വാളിനൊപ്പം രോഹിത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി വിരാട് കോലിയെത്തും. കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ കളിക്കും. തൊട്ടുപിന്നില്‍ റിഷഭ് പന്ത്. നിതീഷ് കുമാർ റെഡ്ഡിയ്ക്ക് ശേഷം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജേഡജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളില്‍. പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാറ്റമുണ്ടാവില്ല. ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ തുടരും.


സാധ്യത ടീം:

യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ, KL രാഹുൽ, വിരാട് കോലി, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ/വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.