മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടിന് 71 എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍ (34), വിരാട് കോഹ്ലി ( 9 ) എന്നിവരാണ് ക്രീസിൽ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), കെ എല്‍ രാഹുല്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സിനായിരുന്നു രണ്ട് വിക്കറ്റുകളും. ആദ്യ ഇന്നിംഗ്‌സിൽ സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.

അതേസമയം, ക്യാപ്റ്റൻ രോഹിത് ശർമ്മ പരമ്പരയിൽ മോശം ഫോം തുടരുകയാണ്. ഓപ്പണറായി തിരിച്ചെത്തിയിട്ടും താരത്തിന് താളം കണ്ടെത്താനായില്ല. ടീം സ്കോർ 8 റൺസിൽ നിൽക്കെയാണ് രോഹിത് മടങ്ങുന്നത്. പരമ്പയിലാകെ ഇതുവരെ കളിച്ച നാല് ഇന്നിങ്‌സില്‍നിന്ന് 22 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്. നിർണായകമായ ടെസ്റ്റിലും ക്യാപ്റ്റന്റെ മോശം പ്രകടനം ആരാധകരുടെ നെറ്റി ചുളുപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കെ.എല്‍. രാഹുലിനെ മൂന്നാം നമ്പരിലേക്ക് മാറ്റിയാണ് രോഹിത് ഓപ്പണറായെത്തിയത്. ക്യാപ്റ്റൻസിയുടെ പേരിലും വിമർശനം നേരിടുന്നതിനിടെയാണ് താരത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം.

ആറിന് 311 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിക്കുന്നത്. ഇന്ന് സ്മിത്തിന് പുറമെ പാറ്റ് കമ്മിന്‍സ് (49), മിച്ചല്‍ സ്റ്റാര്‍ക്ക് (15), നതാന്‍ ലിയോണ്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. സ്മിത്ത് - കമ്മിന്‍സ് സഖ്യം 112 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയായിരുന്നു ആദ്യ ഇന്നിംഗ്സിലേത്. മൂന്ന് സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. ഇന്നലെ ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57), മര്‍നസ് ലാബുഷെയ്ന്‍ (72) എന്നിവര്‍ നേരത്തെ അര്‍ധ സെഞ്ചുറി നേടിയതോടെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.