മെല്‍ബണ്‍: വിവാദങ്ങളില്ലാതെ അവസാനിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം അപൂർവമാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ നിർണായകമായ ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തെച്ചൊല്ലി വിവാദം ഉയരുകയാണ്. ശനിയാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ നടത്തിയ പത്രസമ്മേളനത്തില്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ അവഗണിച്ചുവെന്നാണ് ആരോപണം. ഇംഗ്ലീഷില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ജഡേജ മറുപടി നല്‍കിയില്ലെന്നും താരം സംസാരിച്ചത് ഹിന്ദിയിലായിരുന്നെന്നുമാണ് മാധ്യമങ്ങൾ പറയുന്നത്.

കഴിഞ്ഞ ടെസ്റ്റിനെപ്പറ്റി ഹിന്ദിയില്‍ സംസാരിച്ചശേഷം ഓസ്‌ട്രേലിയൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിനല്‍കാതെ ജഡേജ മടങ്ങിയെന്നുമാണ് ആരോപണം. ടീമിൻ്റെ മീഡിയ മാനേജർ ഓസ്‌ട്രേലിയൻ മാധ്യമങ്ങളോട് മോശമായി പെരുമാറിയെന്നും വിമർശനമുണ്ട്. അതേസമയം പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കായാണ് ജഡേജ പത്രസമ്മേളനം നടത്തിയതെന്നും ഓസ്ട്രേലിയന്‍ മാധ്യമം ഇതില്‍ പങ്കെടുക്കുകയായിരുന്നെന്നും സൂചനയുണ്ട്. വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

അതേസമയം, എന്തുകൊണ്ടാണ് ജഡേജ തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതെന്ന് ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകർ ഇന്ത്യയുടെ മീഡിയ മാനേജരോട് ചോദിച്ചപ്പോൾ, ടീം ബസ് പുറപ്പെടണമെന്നും അതിനാൽ അദ്ദേഹത്തിന് കൂടുതൽ സമയം ചോദ്യങ്ങൾക്ക് മറുപടി നൽകാനായി മിൽക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയ വിരാട് കോലി ഓസ്‌ട്രേലിയന്‍ ടിവി റിപ്പോര്‍ട്ടറോട് ദേഷ്യപ്പെട്ടതും വിവാദമായിരുന്നു. കുടുംബത്തോടൊപ്പം നടന്നുവരികയായിരുന്ന കോലിയുടെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തക പകര്‍ത്തിയതാണ് ഇന്ത്യന്‍ താരത്തെ പ്രകോപിപ്പിച്ചത്. അനുവാദമില്ലാതെ എന്തിനാണ് ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതെന്ന് കോലി ടിവി റിപ്പോര്‍ട്ടറോട് ചോദിക്കുകയും ചെയ്തു.