- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൻ ഫോമിലെത്തിയാൽ കളി മാറും'; ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ താൻ ഉദ്ദേശമില്ല; സഞ്ജുവിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി നായകൻ സൂര്യകുമാർ യാദവ്

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ നിർണായകമായ സൂപ്പർ-8 പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പൂജ്യത്തിന് പുറത്തായിട്ടും യുവ ഓപ്പണർ അഭിഷേക് ശർമ്മയെ കൈവിടാൻ ടീം മാനേജ്മെന്റ് തയ്യാറല്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. മത്സരത്തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയാണ് സൂര്യ നൽകിയത്.
അഭിഷേകിന് പകരം സഞ്ജുവിനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. "അഭിഷേകിന് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? അതോ മൂന്നാം നമ്പറിൽ തിലക് വർമ്മയ്ക്ക് പകരമാണോ?" എന്ന് സൂര്യ തിരിച്ചു ചോദിച്ചു. കഴിഞ്ഞ ഒരു വർഷമായി താനടക്കമുള്ള മുതിർന്ന താരങ്ങൾ പരാജയപ്പെട്ടപ്പോഴെല്ലാം ടീമിനെ താങ്ങിനിർത്തിയത് അഭിഷേകാണെന്ന് ക്യാപ്റ്റൻ പറഞ്ഞു.
"ഇപ്പോൾ അവൻ ഫോം ഔട്ടായപ്പോൾ പിന്തുണ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. അവൻ താളം കണ്ടെത്തിയാൽ എന്താണ് സംഭവിക്കുകയെന്ന് എല്ലാവർക്കും അറിയാമല്ലോ," സൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം നെറ്റ്സിൽ സഞ്ജു സാംസൺ ദീർഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയത് താരം തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ നൽകിയിരുന്നു. എന്നാൽ നിലവിലെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് ക്യാപ്റ്റൻ നൽകിയത്.
പവർപ്ലേയിൽ ടീം 40-50 റൺസ് നേടി മികച്ച രീതിയിലാണ് മുന്നേറുന്നത്. ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ടോപ്പ് ഫോറിനെ കുടുക്കാനുള്ള എതിരാളികളുടെ തന്ത്രം തിരിച്ചറിഞ്ഞതായും അതിനായി ടീം സജ്ജമാണെന്നും സൂര്യ വ്യക്തമാക്കി. ലോകകപ്പിന് മുൻപ് ലഭിച്ച വിക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും ഇത് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


