തിരുവനന്തപുരം: വനിതാ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ ജയം നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയും ഉറപ്പിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ഹർമൻപ്രീത് കൗറിന്റെ 77-ാം വിജയമായിരുന്നു ഇത്.

130 മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 100 മത്സരങ്ങളിൽ നിന്ന് 76 വിജയങ്ങൾ നേടിയ ഓസ്ട്രേലിയൻ ഇതിഹാസം മെഗ് ലാനിംഗിന്റെ റെക്കോർഡാണ് ഹർമൻപ്രീത് മറികടന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ അനായാസം തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കിയത്. 113 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ,13.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 42 പന്തിൽ 79 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ ഷെഫാലി വർമ്മയാണ് ഇന്ത്യയുടെ വിജയശില്പി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ നാല് വിക്കറ്റുകൾ വീഴ്ത്തിയ രേണുക സിംഗും മൂന്ന് വിക്കറ്റുകൾ നേടിയ ദീപ്തി ശർമ്മയുമാണ് തകർത്തത്. ഇന്ത്യയുടെ മറുപടി ബാറ്റിംഗിൽ സ്മൃതി മന്ദാന (1), ജമീമ റോഡ്രിഗസ് (9) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും, ഷെഫാലി വർമ്മയും ഹർമൻപ്രീത് കൗറും (21) ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി നേടിയ ഷെഫാലി മൂന്ന് സിക്സും 11 ഫോറും പറത്തി.