മുംബൈ: ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ദുബായിലേക്കു പോകുമ്പോള്‍ ഭാര്യയും ഒപ്പം വേണമെന്ന സീനിയര്‍ താരത്തിന്റെ ആവശ്യം നിരാകരിച്ച് ബിസിസിഐ. ബിസിസിഐയുടെ പുതിയ നയപ്രകാരം ദൈര്‍ഘ്യം കുറഞ്ഞ ടൂര്‍ണമെന്റുകള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുപോകാന്‍ താരങ്ങള്‍ക്ക് അനുമതിയില്ല. ഇക്കാര്യം നേരത്തേ തന്നെ താരങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഇളവു വേണമെന്ന ആവശ്യവുമായി ഒരു സീനിയര്‍ താരം ടീം മാനേജ്‌മെന്റിനെ സമീപിക്കുകയായിരുന്നു.ഏതു താരമാണ് ഇങ്ങനെയൊരു ഇളവ് ആവശ്യപ്പെട്ടതെന്നു വ്യക്തമല്ല. ബിസിസിഐ ഇക്കാര്യം അംഗീകരിച്ചില്ലെന്നു മാത്രമല്ല, ടീമിനൊപ്പം നിര്‍ബന്ധമായും എല്ലാ താരങ്ങളും യാത്രചെയ്യണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.

ഇളവുകള്‍ നേടി താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ സാധിച്ചാല്‍ തന്നെ അവരുടെ ചിലവുകളൊന്നും ബിസിസിഐ വഹിക്കേണ്ടതില്ലെന്നാണ് തീരുമാനം. സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളുമെല്ലാം ഒരുമിച്ചു തന്നെ യാത്ര ചെയ്യണമെന്നും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ടീമിന്റെ ഐക്യം വളര്‍ത്താനാണ് ഇങ്ങനെയൊരു തീരുമാനമെന്നും ലംഘിക്കപ്പെട്ടാല്‍ അതിനെ ഗൗരവത്തോടെ കാണുമെന്നും ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് താരങ്ങളെ ബിസിസിഐ അറിയിച്ചു.

ഗൗതം ഗംഭീറിന് തന്റെ പഴ്‌സനല്‍ സ്റ്റാഫിനെയും ഒപ്പം കൊണ്ടുപോകാന്‍ സാധിക്കില്ല. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഗംഭീറിന്റെ കൂടെ മുഴുവന്‍ സമയവും ഒരു സഹായിയും ഉണ്ടായിരുന്നു. ചാംപ്യന്‍സ് ട്രോഫിക്ക് പുറപ്പെടുമ്പോള്‍ ഗംഭീറിന് ഈ ആനുകൂല്യം ഉണ്ടാകില്ല. 19ന് ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി നാളെ ദുബായിലേക്കു തിരിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഭാര്യമാരോ മറ്റു കുടുംബാംഗങ്ങളോ ഉണ്ടാകില്ല.

ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയ്ക്കുശേഷമാണ് ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനു ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതാദ്യമായി നടപ്പാകുന്നത് ചാമ്പ്യന്‍സ് ട്രോഫിയിലാണ്. പുതുക്കിയ മാനദണ്ഡപ്രകാരം 45 ദിവസമോ അതില്‍ കൂടുതലോ ദൈര്‍ഘ്യമുള്ള പരമ്പരകളില്‍ രണ്ടാഴ്ച വരെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാനാണ് കളിക്കാര്‍ക്ക് അനുമതിയുള്ളത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മൂന്ന് ആഴ്ച മാത്രമാണ് ദൈര്‍ഘ്യം.

ചാമ്പ്യന്‍സ് ട്രോഫിക്കായി ദുബായിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഗൗതം ഗംഭീറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന് ടീം താമസിക്കുന്ന ഹോട്ടലില്‍ താമസ സൗകര്യം നല്‍കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഗൗതം ഗംഭീറിനൊപ്പമുണ്ടായിരുന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് ടീം ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

കാറില്‍ ചീഫ് സെലക്ടര്‍ക്കായി നീക്കിവെച്ച സീറ്റില്‍ ഗംഭീറിന്റെ പിഎ ഇരുന്നതും ഓസ്‌ട്രേലിയക്കെതിരാ അഡ്ലെയ്ഡ് ടെസ്റ്റില്‍ ബിസിസിഐ ഹോസ്പിറ്റാലിറ്റി സീറ്റ് ഗംഭീറിന്റെ പി എയ്ക്ക് അനുവദിച്ചതുമെല്ലാം ബിസിസിഐയെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറും ചീഫ് സെലക്ടറും മാത്രം ഉണ്ടാവേണ്ട കാറില്‍ പി എ കൂടി ഇരിക്കുന്നതോടെ ടീം സെലക്ഷന്റെ രസഹ്യസ്വഭാവം പോലും നഷ്ടമാകുന്നതായാണ് ബിസിസിഐ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ ടീമിനകത്തെയും ഡ്രസ്സിംഗ് റൂമിലെയും പലവിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടാന്‍ തുടങ്ങിയതോടെയാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്.

ഇതിന് പുറമെ ടീം അംഗങ്ങക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മാത്രമായി പരിമിതപെടുത്തിയിട്ടുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബ്രേക്ക് ഫാസ്റ്റിന് പോലും ഗംഭീറിന്റെ പി എ കളിക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നതും ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഏര്‍പ്പെടുത്തിയ പെരമാറ്റച്ചട്ടം ഗംഭീറിന്റെ കാര്യത്തിലും കര്‍ശനമാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

പരമ്പരകളിലും ടൂര്‍ണമെന്റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിര്‍ദേശം നടപ്പിലാവുന്നതോടെ ഗംഭീറിന്റെ പി എക്ക് ഇനി മുതല്‍ ടീം ബസില്‍ യാത്ര ചെയ്യുകയോ ടീം താമസിക്കുന്ന ഹോട്ടലില്‍ താമസിക്കാനോ കഴിയില്ല.