ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് പൊരുതുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ഓസ്‌ട്രേലിയൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി. ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) തുടക്കത്തിൽ തന്നെ ഓസ്‌ട്രേലിയക്ക് നഷ്ടമായി. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ സ്ഥിരം തലവേദനയായ ട്രാവിസ് ഹെഡ് അടിച്ചു കളിച്ചെങ്കിലും അധിക നേരം ക്രീസിൽ പിടിച്ചു നിൽക്കാനായില്ല.

33 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയെ വലിയ തകർച്ചയിൽ നിന്നും കരകയറ്റിയത്‌. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയ 213ന് 6 എന്ന നിലയിലാണ്. അലക്സ് ക്യാരി 44 (40) ബെൻ ഡ്വാർഷിയസ് 3 (10) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മുഹമ്മദ് ഷമി രണ്ടും, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്തിനെ മത്സരത്തിന്റെ നിർണായക ഘട്ടത്തിലാണ് മുഹമ്മദ് ഷമി പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വെല്ലിനെ അക്ഷർ പട്ടേലും കൂടാരത്തിലെത്തിച്ചു. 5 പന്തിൽ നിന്നും 7 റൺസാണ് മാക്സ്‌വെല്ലിന് നേടാനായത്. നേരത്തേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടപ്പെടുന്നത്.

അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. ഓസീസ് രണ്ടുമാറ്റങ്ങളോടെയാണ് കളിക്കുന്നത്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നീ നാലു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്‌പെഷ്യലിസ്റ്റ് പേസറായി മുഹമ്മദ് ഷമിയുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ജഡേജ, അക്‌സര്‍ എന്നീ മൂന്ന് ഓള്‍റൗണ്ടര്‍മാരുണ്ട്. പരിക്കേറ്റ മുന്‍നിര ബാറ്റര്‍ മാത്യു ഷോര്‍ട്ടിനു പകരംസ്പിന്‍ ഓള്‍റൗണ്ടര്‍ കൂപ്പര്‍ കൊന്നോലിയും സ്പെന്‍സര്‍ ജോണ്‍സണിന് പകരം തന്‍വീര്‍ സാംഗയും ഓസീസ് ടീമിലിടം നേടി.