ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായുള്ള മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്നത് തുടരുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. പുതിയ ടീമിനൊപ്പം ഇപ്പോഴും സഞ്ജു പൂര്‍ണമായും പൊരുത്തപ്പെട്ടിട്ടില്ല. തുടര്‍ച്ചയായി മൂന്ന് കളികളില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടതോടെ സഞ്ജുവിനെതിരെ ആരാധകരും രംഗത്തെത്തി.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന്റെ തിളക്കത്തോടെയാണ് സഞ്ജു സാംസണ്‍ ഐപിഎല്ലിലേക്ക് എത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഉപേക്ഷിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയ സഞ്ജുവിനെ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്. ആ പ്രതീക്ഷ തെറ്റിയതാണ് ആരാധക രോഷത്തിന് ഇടയാക്കിയത്.

പുതിയ സീസണില്‍ പുതിയ ടീമിനൊപ്പം ചേര്‍ന്ന സഞ്ജു, ലോകകപ്പിലെ ഫോം ഐപിഎല്ലിലും തുടരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പലപ്പോഴും ദേശീയ ടീമില്‍ നിരാശപ്പെടുത്തുമെങ്കിലും ഐപിഎല്ലില്‍ മിന്നും പ്രകടനം പുറത്തെടുക്കാറുള്ള സഞ്ജു ഇത്തവണയും അതാവര്‍ത്തിക്കുമെന്നും ആരാധകര്‍ കരുതി. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്ക സ്‌കോര്‍ പോലും താരത്തിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 7 പന്തില്‍ 6, 7 പന്തില്‍ 7, 5 പന്തില്‍ 9 എന്നിങ്ങനെയാണ് ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്‌കോര്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ആരാധകര്‍ സഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. റണ്‍സ് നേടിയില്ലെങ്കില്‍ പോലും സഞ്ജുവിന് ചെന്നൈയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിക്കാന്‍ താല്‍പര്യമില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. മനസ് പൂര്‍ണമായും മത്സരത്തിന് നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറച്ച് കളികളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് ഒരു ചെന്നൈ ആരാധകന്‍ എക്‌സില്‍ കുറിച്ചത്.