സൂറത്ത്: 23 വയസ്സില്‍ താഴെയുള്ളവരുടെ സി കെ നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്തിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 270 റണ്‍സിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ്. കൈലാസ് ബി നായർ, അഭിജിത്ത് പ്രവീണ് എന്നിവർക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. 204 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി.

വ്യക്തിഗത സ്കോറായ 91-ൽ നിന്ന് വെറും രണ്ട് റൺസ് മാത്രമാണ് വരുണിന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. 240 പന്തുകളിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 93 റൺസ് നേടിയ വരുൺ, അബി ബിജുവിനൊപ്പം (31 റൺസ് പുറത്താകാതെ) കേരളത്തിന്റെ സ്കോർ 270-ൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഗുജറാത്തിനായി ഭവ്യ ചൗഹാനും കൃഷ് അമിത് ഗുപ്തയും മൂന്ന് വിക്കറ്റുകൾ വീതവും ഷെൻ പട്ടേൽ രണ്ട് വിക്കറ്റുകളും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.

46 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ക്യാപ്റ്റൻ അഭിജിത് പ്രവീണിന്റെ (രണ്ട് വിക്കറ്റ്) ബൗളിങ്ങാണ് അവരെ സമ്മർദ്ദത്തിലാക്കിയത്. തുടർന്ന് അഞ്ചാം വിക്കറ്റിൽ ആദിത്യ റാവലും (46 റൺസ്) കൃഷ് അമിത് ഗുപ്തയും (40 റൺസ് പുറത്താകാതെ) ചേർന്നുള്ള കൂട്ടുകെട്ട് ഗുജറാത്തിനെ തകർച്ചയിൽ നിന്ന് കരകയറ്റി. എന്നാൽ, രണ്ടാം ദിവസത്തെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ആദിത്യ റാവലിനെ പുറത്താക്കി കൈലാസ് ബി നായർ കൂട്ടുകെട്ടിന് വിരാമമിട്ടു. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണും കൈലാസ് ബി നായരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.