തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ വിജയം. 243 റണ്‍സിനാണ് കേരളം ഗോവയെ തോല്‍പ്പിച്ചത്. 364 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി. നായരാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ കേരളം ജമ്മു കാശ്മീരിനെയും മേഘാലയയെയും തോല്‍പ്പിച്ചിരുന്നു.

സ്‌കോര്‍: കേരളം: ഒന്നാം ഇന്നിങ്‌സ് - 255, രണ്ടാം ഇന്നിങ്‌സ് - 279 ഗോവ: ഒന്നാം ഇന്നിങ്‌സ് - 171, രണ്ടാം ഇന്നിങ്‌സ് - 120

മൂന്ന് വിക്കറ്റിന് 63 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റണ്‍സെടുത്ത ശന്തനു നെവാഗിയെ എ. ജിഷ്ണു എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കിയതോടെ ഗോവയുടെ തകര്‍ച്ചയ്ക്ക് തുടക്കമായി. പിന്നീട് വന്ന ബാറ്റര്‍മാര്‍ക്കൊന്നും കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി കേരളം ആദ്യ സെഷനില്‍ തന്നെ വിജയം സ്വന്തമാക്കി. കൈലാസ് ബി. നായര്‍ അഞ്ചും ജെ.എസ്. അനുരാജ് രണ്ടും പവന്‍രാജ്, ഷോണ്‍ റോജര്‍, എ. ജിഷ്ണു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അടുത്ത മത്സരത്തില്‍ ജാര്‍ഖണ്ഡാണ് കേരളത്തിന്റെ എതിരാളി. 13-നാണ് മത്സരം.