- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സി.എ നിയമാവലിയില്‍ ഭേദഗതി: മുന്‍ പുരുഷ- വനിതാ താരങ്ങള്‍ക്കും അമ്പയര്‍മാര്‍ക്കും ഇനി അംഗത്വം; സെലക്ഷന്‍ കമ്മിറ്റി യോഗ്യതയിലും ഇളവ്
കെ.സി.എ നിയമാവലിയില്‍ ഭേദഗതി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമവലിയില്‍ മൂന്ന് പ്രധാന ഭേദഗതികള്‍ വരുത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അസോസിയേഷന്‍ സ്ഥാപിതമായിട്ട് 75 വര്‍ഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതല്‍ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയത്. 14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വിരമിച്ച അന്താരാഷ്ട്ര താരങ്ങള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അസോസിയേഷന്‍ അംഗത്വം ഇനി മുതല്‍ വിരമിച്ച പുരുഷ-വനിതാ താരങ്ങള്‍, അമ്പയര്‍മാര്‍, സ്‌കോറര്‍മാര്‍, ക്യൂറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഉള്‍പ്പെടെ ലഭ്യമാകുന്ന രീതിയിലാണ് ബൈലോ പരിഷ്‌കരിച്ചത്. പുതിയ ഭേദഗതി നിലവില്‍ വന്നതോടെ കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ക്കും അസോസിയേഷനില്‍ വ്യക്തിഗത അംഗത്വം നല്‍കാന്‍ സാധിക്കും.
ഇതിനുപുറമെ ക്രിക്കറ്റ് മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയവര്‍ക്കായി ഓണററി മെമ്പര്‍ഷിപ്പ്, കെ.സി.എ ക്ലബ് ഹൗസ് മെമ്പര്‍ഷിപ്പ്, കെ.സി.എ സ്റ്റേഡിയം മെമ്പര്‍ഷിപ്പ് എന്നീ പുതിയ വിഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.സി.എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയായ അപ്പക്‌സ് കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. നിലവില്‍ ഒന്‍പത് അംഗങ്ങളുള്ള കൗണ്‍സില്‍ ഭേദഗതിയോടെ വിപുലീകരിക്കും. ക്രിക്കറ്റ് സമിതികളിലേക്കും സെലക്ഷന്‍ കമ്മിറ്റികളിലേക്കുമുള്ള മുന്‍ താരങ്ങളുടെ യോഗ്യതയില്‍ വരുത്തിയ ഇളവാണ് മറ്റൊരു പ്രധാന ഭേദഗതി. മുന്‍പ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചവര്‍ക്ക് മാത്രം ലഭിച്ചിരുന്ന ഈ പദവികള്‍ ഇനി മുതല്‍ രഞ്ജി ട്രോഫി കളിച്ച എല്ലാ മുന്‍ താരങ്ങള്‍ക്കും പ്രാപ്യമാകും.
കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് സംഭാവന നല്‍കിയവര്‍ക്കുള്ള അംഗീകാരമാണ് ഈ നിയമഭേദഗതിയെന്നും അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കൂടുതല്‍ പേര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായര്‍ അഭിപ്രായപ്പെട്ടു.
പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ അപ്പക്‌സ് കൗണ്‍സില്‍ കൂടുതല്‍ ശക്തമാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. സെലക്ഷന്‍ കമ്മിറ്റിയിലെ മാറ്റം മുന്‍ രഞ്ജി താരങ്ങള്‍ക്ക് വലിയ തോതിലുള്ള അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


