ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ ആറാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫിനിഷ് ചെയ്തത്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ തോറ്റു. ഒടുവില്‍ ഏഴ് വിജയങ്ങളും ഏഴ് തോല്‍വികളുമായി ഫിനിഷിങ്. തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേഓഫില്‍ ഇടം നേടാനായില്ല. ഇതാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഐ പി എല്‍ ചിത്രം. ഇത്തവണ അടിമുടി മാറിയാണ് ടീം എത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങൡ റിഷഭ് പന്താണ് നയിച്ചിരുന്നതെങ്കില്‍ ഇക്കുറി ക്യാപ്റ്റന്‍ സ്ഥാനം അക്‌സര്‍ പട്ടേലിനാണ് നല്‍കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ മെഗാ താരലേലത്തില്‍ ഡല്‍ഹിയില്‍ നിന്നും പന്തിനെ മാറ്റിയിരുന്നു. പകരം കെ എല്‍ രാഹുലിനെയും അക്‌സറിനേയും എടുത്തു. ക്യാപ്റ്റനാകാന്‍ ഇല്ലെന്ന് രാഹുല്‍ അറിയിച്ചതോടെ ആ നറുക്ക് വീണത് അക്‌സറിനും. കെ എല്‍ രാഹുലും ഡുപ്ലിസിസും, ഹാരി ബ്രൂക്ക് അടങ്ങുന്ന ബാറ്റിങ് നിരയാണ് ഡല്‍ഹിക്ക് ഇക്കുറി ഉള്ളത്. ഡുപ്ലിസിയും രാഹുലും ബ്രൂക്കും ഈ മൂന്ന് പേരില്‍ ആരെങ്കിലും ചേര്‍ന്നായിരിക്കും ഓപ്പണിങ്ങില്‍ ഇറങ്ങുന്നത്. സാധ്യത ഏറെയുള്ളത് ബ്രൂക്കിനും ഡുപ്ലിസിസിക്കുമാണ്. അങ്ങനെയെങ്കില്‍ വണ്‍ ഡൗണായിട്ടായിരിക്കും രാഹുല്‍ ഇറങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രാഹുലായിരുന്നു. അതിന്റെ ആത്മവിശ്വാസത്തിലാണ് താരം.

അകസ്ര്‍ പട്ടേല്‍ അടങ്ങുന്ന മധ്യ നിര. ഒരു പിടി പുതിയ ബാറ്റിങ് നിരയുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. അഷുതോഷ് ശര്‍മ, അജയ് മണ്ടല്‍, മാധവ് തിവാരി അങ്ങനെ നീളുന്നു മധ്യനിര. കഴിഞ്ഞ സീസണിലെ അക്സര്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോറല്‍ എന്നിവരെ നിലനിര്‍ത്തി. ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് എന്നിവരെ തിരികെ വാങ്ങി. മുകേഷ് കുമാര്‍ കഴിഞ്ഞ വര്‍ഷം ഡി സിയില്‍ ഉണ്ടായിരുന്നു. കരുണ്‍ നായരും മുമ്പ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ഡിസിയുടെ ഫാസ്റ്റ് ബോളിങ് യൂണിറ്റിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ഇത്തവണ അത് പരിഹരിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് (11.75 കോടി), ടി നടരാജന്‍ (10.75 കോടി), മുകേഷ് (8 കോടി), മോഹിത് ശര്‍മ (2.20 കോടി) എന്നിവരെ കൊണ്ടുവന്നു. അവരുടെ മറ്റൊരു വലിയ കരാര്‍ രാഹുലായിരുന്നു, അദ്ദേഹത്തെ 14 കോടി രൂപയ്ക്ക് അവര്‍ സ്വന്തമാക്കി. ഡി സിയുടെ സ്പിന്‍ ബോളിങ് യൂണിറ്റിനെ കുല്‍ദീപും അക്സറും നയിക്കും. റിക്കി പോണ്ടിംഗിന് പകരം ഹേമാങ് ബദാനിയെ ഹെഡ് കോച്ചാക്കി. മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വേണുഗോപാല്‍ റാവു ആണ് പുതിയ ക്രിക്കറ്റ് ഡയറക്ടര്‍. കെവിന്‍ പീറ്റേഴ്‌സണെ മെന്ററായും മാത്യു മോട്ടിനെ അസിസ്റ്റന്റ് കോച്ചായും മുനാഫ് പട്ടേലിനെ ബോളിങ് കോച്ചായും നിയമിച്ചു.