ബെംഗളൂരു: ഇന്ത്യ ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം കിവീസ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയെ സ്ലെഡ്ജ് ചെയ്ത് പേസര്‍ മുഹമ്മദ് സിറാജ്. ന്യൂസീലന്‍ഡ് ബാറ്റിങ്ങിനിടെ 15ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ മൂന്നാം പന്തില്‍ കോണ്‍വെ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്ത് കോണ്‍വെ പ്രതിരോധിച്ചുനിന്നെങ്കിലും ഓടിയെത്തിയ സിറാജ് ന്യൂസീലന്‍ഡ് ബാറ്ററെ തുറിച്ചുനോക്കുകയായിരുന്നു.

പിന്നീട് രൂക്ഷഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. സിറാജിനു മറുപടി നല്‍കിയ ശേഷം കോണ്‍വെ ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡ് താരങ്ങള്‍ മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി സിറാജിന്റെ സ്ലെഡ്ജിങ്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഈ സംഭവത്തിന് സുനില്‍ ഗാവസ്‌ക്കറുടെ കമന്ററി കൂടുതല്‍ എരിവ് പകരുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ ഒരു ഡിഎസ്പി ആണെന്ന കാര്യം മറക്കരുതെന്നും ടീമംഗങ്ങള്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കിയോ എന്ന് ഞാന്‍ അദ്ഭുതപ്പെടുന്നുവെന്നുമായിരുന്നു ഗാവസ്‌ക്കര്‍ ലൈവ് ബ്രോഡ്കാസ്റ്റിനിടെ പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് തെലങ്കാനയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ആയി സിറാജ് ഔദ്യോഗികമായി ചുമതലയേറ്റത്.

ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡ് രണ്ടാം ദിനം ആദ്യ ഇന്നിങ്‌സില്‍ 134 റണ്‍സ് ലീഡ് സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 46 റണ്‍സെടുത്തു പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലാണ് കിവീസ് ബാറ്റിങ് തുടരുന്നത്. 70 പന്തുകള്‍ നേരിട്ട കോണ്‍വെ 64 റണ്‍സുമായി പുറത്താകാതെനില്‍ക്കുന്നു.