മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നൃത്തസംവിധായക ധനശ്രീ വര്‍മ്മയും വിവാഹബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. മാര്‍ച്ച് 20-ന് ബാന്ദ്ര കുടുംബ കോടതിയില്‍ പരസ്പരസമ്മതത്തോടെ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്.

ഇരുവരും നേരത്തെ തന്നെ വേര്‍പിരിയുന്നുവെന്ന കാര്യം അറിയിച്ചിരുന്നുവെങ്കിലും വിവാഹ മോചനം ആവശ്യപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് എവിടെ താമസിക്കണമെന്ന് സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം ആണ് വേര്‍പിരിയാനുണ്ടായ പ്രധാന കാരണമെന്ന് എന്റര്‍ടെയ്ന്‍മെന്റ് ജേര്‍ണലിസ്റ്റ് വിക്കി ലാല്‍വാനി വെളിപ്പെടുത്തിയിരിക്കുകയാണ്.

2020-ല്‍ വിവാഹിതരായ ചാഹലും ധനശ്രീയും ഹരിയാണയിലെ ചാഹലിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ ധനശ്രീയ്ക്ക് മുംബൈയിലേക്ക് മാറാനുള്ള ആഗ്രഹം ശക്തമായിരുന്നു. സന്ദര്‍ഭോചിതമായി സന്ദര്‍ശനം നടത്തിയാല്‍ മതിയെന്നായിരുന്നു ചാഹലിന്റെ നിലപാട്. ഇത് ധനശ്രീ അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. 2022 ജൂണിലേകുമ്പോഴേക്കും ഇരുവരും വ്യത്യസ്തമായി താമസിക്കാന്‍ തുടങ്ങി. ഇതിന് ശേഷം 2024 ഫെബ്രുവരിയില്‍ ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു.

വിവാഹമോചനം ദ്രുതഗതിയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ വിവാഹ മോചനത്തിനു മുന്‍പ് ആറുമാസം കാത്തിരിക്കണമെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ ആദ്യം അത് കോടതി അംഗീകരിച്ചില്ല. ചാഹലും ധനശ്രീയും ഈ കൂളിംഗ്-ഓഫ് പിരീഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് വിവാഹമോചനത്തിനായി ധനശ്രീക്ക് 4.75 കോടി രൂപയുടെ കരാര്‍ ധനസഹായം നല്‍കാമെന്ന് ചാഹല്‍ സമ്മതിച്ചു. ഇതില്‍ 2.37 കോടി രൂപ ഇതിനകം നല്‍കിയിരുന്നു.

ബോംബെ ഹൈക്കോടതി ബാക്കിയായ തുക വിവാഹമോചനം കഴിഞ്ഞ് നല്‍കാന്‍ നിര്‍ദേശിച്ചു, ഇതോടെയാണ് ഇരുവരും അവസാനമായി ബന്ധം വേര്‍പിരിയുന്നത്. 2020-ല്‍ കോവിഡ് കാലത്ത് ചാഹല്‍ ധനശ്രീയുടെ നൃത്തവീഡിയോ കണ്ടാണ് അവരെ ആദ്യമായി സമീപിച്ചത്. നൃത്തം പഠിക്കുന്നതിനായി ആരംഭിച്ച ബന്ധം തുടര്‍ന്നുപോകുന്നതോടെയാണ് പ്രണയത്തിലേക്ക് വളര്‍ന്നു. അതേ വര്‍ഷം വിവാഹം നടന്നുവെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ മൂലം മൂന്നാം വര്‍ഷം തന്നെ ബന്ധം അവസാനിച്ചു. ഇപ്പോള്‍ വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും, ഇരുവരും തങ്ങളുടെ കരിയറില്‍ മുന്‍പോട്ട് പോകാന്‍ തയ്യാറെടുക്കുകയാണ്.