അബുദാബി: ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക് വീണ്ടും ട്വന്റി 20 ക്രിക്കറ്റിലേക്ക്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ലീഗ് ട്വന്റി 20 (ഐഎൽടി20) ടൂർണമെന്റിൽ ഷാർജ വാരിയേഴ്സ് ടീമിനായിട്ടാണ് അദ്ദേഹം കളിക്കാനിറങ്ങുന്നത്. ശ്രീലങ്കൻ താരം കുശാൽ മെൻഡിസിന് പകരമായാണ് കാർത്തിക് ടീമിലെത്തുന്നത്. ജനുവരി 10 മുതൽ ഫെബ്രുവരി 11 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും കമന്റേറ്ററുമായ ദിനേഷ് കാർത്തിക്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) ബാറ്റിങ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. ഈ സീസണിൽ ഐപിഎല്ലിൽ ആർസിബി കിരീടം നേടിയപ്പോൾ അദ്ദേഹം കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്നു. ഷാർജ വാരിയേഴ്സിന്റെ പരിശീലകൻ മുൻ ദക്ഷിണാഫ്രിക്കൻ താരം ജെ.പി. ഡുമിനിയാണ്.

412 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 7,437 റൺസ് നേടിയ കാർത്തിക്കിന് 35 അർധ സെഞ്ചുറികളും ഈ ഫോർമാറ്റിലുണ്ട്. 136.66 സ്ട്രൈക്ക് റേറ്റോടെയാണ് താരം കളിച്ചിട്ടുള്ളത്. ഇന്ത്യൻ ജേഴ്സിയിൽ 60 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 686 റൺസ് നേടിയിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എ20യിലും ഹോങ്കോങ് സിക്സർ ടി20 പോരാട്ടത്തിലും കാർത്തിക് കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര, ഐപിഎൽ മത്സരങ്ങളിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാൻ അനുവാദമുണ്ട്.

രവിചന്ദ്രൻ അശ്വിൻ, പിയൂഷ് ചൗള തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങളും ലേല പട്ടികയിലുണ്ട്. ഇവരിൽ ആരെങ്കിലും കാർത്തിക്കിനൊപ്പം കളിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ലീഗിലെ ആദ്യ ലേലം ഒക്ടോബർ 1 ന് നടക്കും.