ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ 191 റണ്‍സില്‍ ഒതുക്കി മികച്ച ലീഡ് ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ ബാറ്റിംഗ് നിര മാര്‍ക്കോ ജാന്‍സന്റെ പേസ് കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. കേവലം 42 റണ്‍സിന് എല്ലാവരും കൂടാരം കയറിയപ്പോള്‍ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോഡ് കൂടിയാണ് പേരിലായത്. 1994 ല്‍ പാക്കിസ്താനെതിരെ 71 റണ്‍സിന് പുറത്തായ 'റെക്കോഡാ'ണ് ലങ്ക ഇന്ന് പുതുക്കിയത്. 1955ല്‍ ഇംഗ്ലണ്ടിനെതിരെ 26 റണ്‍സിനു പുറത്തായ ന്യൂസീലന്‍ഡിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേട്.

ഡര്‍ബനില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശ്രീലങ്ക, മറുപടി ബാറ്റിങ്ങില്‍ 13.5 ഓവറില്‍ 42 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ശ്രീലങ്കയുടെ ഏറ്റവും മോശം സ്‌കോറാണിത്. 6.5 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റെടുത്ത മാര്‍ക്കോ ജാന്‍സന്റെ പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തുകളഞ്ഞത്.

ജാന്‍സന് കഴിഞ്ഞ ദിവസം ഐപിഎല്‍ താരലേലത്തില്‍ 7 കോടി രൂപ ലഭിച്ചിരുന്നു. ജെറാള്‍ഡ് കോട്‌സെ മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ നാല് ഓവറില്‍ 10 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കുറവു പന്തിനുള്ളില്‍ (83 പന്തുകള്‍) പുറത്താകുന്ന രണ്ടാമത്തെ ടീമാണ് ശ്രീലങ്ക. 1924ല്‍ ഇംഗ്ലണ്ടിനെതിരെ 75 പന്തില്‍ 30 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാമത്.

ശ്രീലങ്കന്‍ ഇന്നിങ്‌സില്‍ രണ്ടക്കത്തിലെത്തിയത് രണ്ട് പേര്‍ മാത്രം. 20 പന്തില്‍ മൂന്നു ഫോറുകളോടെ 13 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് ടോപ് സ്‌കോററായി. അഞ്ച് പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 10 റണ്‍സുമായി പുറത്താകാതെ നിന്ന ലഹിരു കുമാരയാണ് രണ്ടക്കം കണ്ട മറ്റൊരാള്‍. അഞ്ച് പേര്‍ പൂജ്യത്തിനു പുറത്തായി.

പാത്തും നിസ്സങ്ക (12 പന്തില്‍ മൂന്ന്), കരുണരത്നെ (ഒന്‍പതു പന്തില്‍ രണ്ട്), ദിനേഷ് ചണ്ഡിമല്‍ (നാലു പന്തില്‍ 0), എയ്ഞ്ചലോ മാത്യൂസ് (14 പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ (12 പന്തില്‍ ഏഴ്), കുശാല്‍ മെന്‍ഡിസ് (മൂന്നു പന്തില്‍ 0), പ്രഭാത് ജയസൂര്യ (മൂന്നു പന്തില്‍ 0), വിശ്വ ഫെര്‍ണാണ്ടോ (മൂന്നു പന്തില്‍ 0), അസിത ഫെര്‍ണാണ്ടോ (രണ്ടു പന്തില്‍ 0) എന്നിങ്ങനെയാണ് മറ്റു ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം.

നേരത്തേ, മുന്‍നിരയും മധ്യനിരയും കൂട്ടത്തോടെ നിരാശപ്പെടുത്തിയ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ തെംബ ബാവുമയുടെ അര്‍ധസെഞ്ചറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 117 പന്തുകള്‍ നേരിട്ട ബാവുമ ഒന്‍പതു ഫോറും ഒരു സിക്‌സും സഹിതം 70 റണ്‍സെടുത്തു. 35 പന്തില്‍ 24 റണ്‍സെടുത്ത കേശവ് മഹാരാജ്, 23 പന്തില്‍ 15 റണ്‍സെടുത്ത റബാദ, 21 പന്തില്‍ 13 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സന്‍ എന്നിവരും ചേര്‍ന്നാണ് സ്‌കോര്‍ 49.4 ഓവറില്‍ 191ല്‍ എത്തിച്ചത്.

അസിത ഫെര്‍ണാണ്ടോ 14.4 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ലഹിരു കുമാര 12 ഓവറില്‍ 70 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ, പ്രഭാത് ജയസൂര്യ എന്നിവര്‍ക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ശ്രീലങ്കയുടെ ഏറ്റവും ചെറിയ സ്‌കോറുകള്‍

42 ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡര്‍ബനില്‍, 2024*

71 പാക്കിസ്ഥാനെതിരെ കാന്‍ഡിയില്‍, 1994

73 പാക്കിസ്ഥാനെതിരെ കാന്‍ഡിയില്‍, 2006

81 ഇംഗ്ലണ്ട് കൊളംബോയില്‍, 2001

82 ഇന്ത്യയ്ക്കെതിരെ ചണ്ഡിഗഡില്‍, 1990

82 ഇംഗ്ലണ്ടിനെതിരെ കാര്‍ഡിഫില്‍, 2011

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ചെറിയ സ്‌കോറുകള്‍

42 ശ്രീലങ്ക ഡര്‍ബനില്‍, 2024*

45 ന്യൂസീലന്‍ഡ് കേപ്ടൗണില്‍, 2013

47 ഓസ്‌ട്രേലിയ കേപ്ടൗണില്‍, 2011

49 പാക്കിസ്ഥാന്‍ ജൊഹാനസ്ബര്‍ഗില്‍, 2013