- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ ഉയർത്തുന്നതും ഇന്ത്യയുടെ 'സർക്കാർ നിർദ്ദേശ'മെന്ന അതേ വാദം; അവരെ മാത്രം കുറ്റം പറയാനാകില്ല; ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ പരിഗണിക്കാത്തത് ക്രിക്കറ്റിന് തന്നെ നാണക്കേട്; കളിയും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചില്ലായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും മുൻ ഐസിസി വക്താവ്

കൊളംബോ: ടി20 ലോകകപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സൽമാൻ അലി ആഗ നയിക്കുന്ന പാക് ടീം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ഫെബ്രുവരി ഒന്നിന് പാക്കിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ബംഗ്ലാദേശ് ടീമിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയ ഐസിസി നടപടിയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് ബംഗ്ലാദേശ് ബോർഡ് അറിയിച്ചതിനെത്തുടർന്നാണ് ഐസിസി അവരെ പുറത്താക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയത്. പിസിബി ചെയർമാനായിരുന്ന എഹ്സാൻ മാനി ഈ വിഷയത്തിൽ ഐസിസി ചെയർമാൻ ജയ് ഷായ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തി. പാക്കിസ്ഥാൻ സർക്കാരുമായും പിസിബിയുമായും നേരിട്ട് ചർച്ച നടത്തി അവരെ മത്സരത്തിന് സമ്മതിപ്പിക്കേണ്ട ഉത്തരവാദിത്തം ജയ് ഷായ്ക്കുണ്ടെന്ന് 80-കാരനായ മാനി പറഞ്ഞു. 2004-ൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പാകിസ്താനിൽ പര്യടനം നടത്തിയപ്പോൾ താൻ കേന്ദ്രമന്ത്രിമാരെ കണ്ട് സംസാരിച്ച മാതൃക മാനി ചൂണ്ടിക്കാട്ടി.
ഏഷ്യാ കപ്പിലെ 'കൈകൊടുക്കാത്ത' രാഷ്ട്രീയം 2025-ലെ ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് കൈകൊടുക്കാൻ വിസമ്മതിച്ചതും, പിസിബി ചീഫ് മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചതും പാക്കിസ്ഥാനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്ന് മാനി നിരീക്ഷിക്കുന്നു. "ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരാൻ വിസമ്മതിക്കുമ്പോൾ അവർ കാണിക്കുന്ന അതേ 'സർക്കാർ നിർദ്ദേശം' എന്ന ന്യായം തന്നെയാണ് ഇപ്പോൾ പിസിബിയും പറയുന്നത്. ഇതിൽ പാക്കിസ്ഥാനെ മാത്രം കുറ്റപ്പെടുത്താനാവില്ല," അദ്ദേഹം പറഞ്ഞു. പിഴയും നടപടിയും എളുപ്പമാകില്ല പാക്കിസ്ഥാനെതിരെ ഐസിസി ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളോടും മാനി പ്രതികരിച്ചു.
ബ്രോഡ്കാസ്റ്ററായ ജിയോസ്റ്റാറിൽ നിന്ന് പിസിബിക്ക് സമ്മർദ്ദമുണ്ടാകാം. എന്നാൽ ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരാതിരുന്നപ്പോൾ ഉണ്ടാകാത്ത നടപടികൾ പാക്കിസ്ഥാൻ കളിക്കാതിരിക്കുമ്പോൾ മാത്രം എടുക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മാനി വാദിക്കുന്നു. ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ പരിഗണിക്കാതെ അവരെ പുറത്താക്കി സ്കോട്ട്ലൻഡിനെ കൊണ്ടുവന്നത് ക്രിക്കറ്റിന് തന്നെ അപമാനമാണെന്ന് മാനി പറഞ്ഞു. ബംഗ്ലാദേശിനെ ഉൾക്കൊള്ളാൻ ഐസിസി തയ്യാറായിരുന്നുവെങ്കിൽ ഇപ്പോൾ പാക്കിസ്ഥാൻ ഈ നിലപാട് എടുക്കില്ലായിരുന്നു. രാഷ്ട്രീയത്തെ കളിയുമായി കൂട്ടിക്കുഴയ്ക്കുന്നത് ലോക ക്രിക്കറ്റിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് വ്യക്തമാക്കി. ഫെബ്രുവരി 15ന് ശ്രീലങ്കയിൽ നടക്കേണ്ട മത്സരത്തിൽനിന്ന് പാക്കിസ്ഥാൻ പിന്മാറുമെന്നും, ബംഗ്ലാദേശിന് പിന്തുണ അറിയിച്ചുകൊണ്ടാണ് ഈ നിലപാടെന്നും അദ്ദേഹം അറിയിച്ചു. ഇസ്‌ലാമാബാദിൽ നടന്ന ഫെഡറൽ ക്യാബിനറ്റ് യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിലപാട് വ്യക്തമാക്കിയത്. വളരെ കൃത്യമായ പഠനത്തിന് ശേഷമാണ് ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനമെടുത്തതെന്നും, കായികരംഗത്ത് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരായ മത്സരത്തിന് ഇറങ്ങില്ലെന്ന് പാക് സർക്കാർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നെങ്കിലും, അന്ന് തീരുമാനത്തിന് വ്യക്തമായ കാരണങ്ങൾ നൽകിയിരുന്നില്ല. പാക്കിസ്ഥാന്റെ ഈ നിലപാടിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് പോലുള്ള ആഗോള കായിക മാമാങ്കങ്ങളിൽ എല്ലാ ടീമുകളും ഒരുപോലെ പങ്കെടുക്കണമെന്നും, 'തിരഞ്ഞെടുത്ത മത്സരങ്ങൾ മാത്രം കളിക്കുക' എന്ന രീതി മത്സരത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്നും ഐ.സി.സി ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി (പി.സി.ബി) ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും ഐ.സി.സി അറിയിച്ചു.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ ടീം പങ്കെടുക്കില്ലെന്ന് പാക് സർക്കാരിന്റെ ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ അറിയിച്ചിരുന്നു. ടൂർണമെന്റിനായി പാക് ടീം ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുമെങ്കിലും ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്. ഇന്ത്യ, നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ എന്നിവർക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് പാക്കിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുകയാണെങ്കിൽ പാക്കിസ്ഥാന് രണ്ട് പോയിന്റുകൾ നഷ്ടമാകും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ജനുവരിയിൽ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഉന്നയിച്ച ആശങ്കകളാണ് ഇപ്പോൾ പാക്കിസ്ഥാന്റെ ബഹിഷ്കരണ തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം.
വിഷയത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐസിസി അറിയിച്ചു. എന്നാൽ ഒരു ആഗോള കായിക മാമാങ്കത്തിൽ ചില മത്സരങ്ങളിൽ മാത്രം പങ്കെടുക്കാതിരിക്കുന്നത് കായിക തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഐസിസി വ്യക്തമാക്കി. സർക്കാരുകളുടെ തീരുമാനങ്ങളെ മാനിക്കുന്നുവെങ്കിലും ഇത്തരം നിലപാടുകൾ ക്രിക്കറ്റിന്റെ ഭാവിക്ക് ദോഷകരമായി ബാധിക്കുമെന്നും ഐസിസി മുന്നറിയിപ്പ് നൽകി.
മുമ്പും സമാനമായ രീതിയിൽ ടീമുകൾ പിന്മാറിയിട്ടുണ്ട്. 1996 ലോകകപ്പിൽ സുരക്ഷാ കാരണങ്ങളാൽ ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ച ഓസ്‌ട്രേലിയയ്ക്കും വെസ്റ്റ് ഇൻഡീസിനും പോയിന്റുകൾ നഷ്ടമായിരുന്നു. 2003 ലോകകപ്പിൽ ഇംഗ്ലണ്ട് സിംബാബ്‌വെയിലെ മത്സരവും ന്യൂസിലൻഡ് കെനിയയിലെ മത്സരവും സുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞ് ഉപേക്ഷിച്ചിരുന്നു. ടൂർണമെന്റ് വിജയകരമായി നടത്തുന്നതിനാണ് മുൻഗണനയെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐസിസി കൂട്ടിച്ചേർത്തു.


