വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈന്റെ അവസാന അന്താരാഷ്ട്ര മത്സമായിരുന്നു ഇത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് നിശ്ചിത ഓവറിൽ 38.2 ഓവറിൽ 168 റൺസിന് ഓൾ ഔട്ട് ആയി. 43 റൺസെടുത്ത ജോർജിയ പ്ലിമ്മറാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ. അവസാന മത്സരത്തിൽ ക്യാപ്റ്റൻ സോഫി ഡിവൈൻ 23 റൺസെടുത്ത് പുറത്തായി.

ഇംഗ്ലണ്ടിനായി ലിൻസേ സ്മിത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 29.2 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. പുറത്താകാതെ 86 റൺസെടുത്ത എമി ജോൺസാണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി. ജയത്തോടെ ഇംഗ്ലണ്ട് ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലൻഡ് ആറാം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

ചെറിയ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ എമി ജോൺസ് - താമി ബ്യൂമോണ്ട് (40) സഖ്യം 75 റൺസ് കൂട്ടിച്ചേർത്തു. ലിയ തഹുഹുവാണ് ബ്യൂമോണ്ടിനെ പുറത്താക്കിയത്. തുടർന്ന് ഹീതർ നൈറ്റും ജോൺസും ചേർന്ന് 88 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിനരികെ നൈറ്റ് പുറത്തായെങ്കിലും ഇംഗ്ലണ്ട് അനായാസം വിജയം നേടുകയായിരുന്നു. ഡാനിയേല വ്യാട്ട് (2) പുറത്താവാതെ നിന്നു. 92 പന്തുകൾ നേരിട്ട എമി ജോൺസ് ഒരു സിക്സും 11 ഫോറും അടിച്ചു. ഡിവൈൻ ഒരു വിക്കറ്റ് നേടി.

ന്യൂസിലൻഡ് നിരയിൽ പ്ലിമ്മറിന് പുറമെ അമേലിയ കേർ (35) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സൂസി ബേറ്റ്‌സ് (10), ബ്രൂക്ക് ഹാളിഡേ (4), മാഡി ഗ്രീൻ (18), ഇസബെല്ല് ഗേസ് (14), ജെസ് കേർ (10), റോസ്‌മേരി മെയർ (0), ലിയ തഹുഹു (2) എന്നിവർക്ക് വലിയ സംഭാവന നൽകാനായില്ല. ഇംഗ്ലണ്ടിനായി സ്മിത്തിന് പുറമെ നതാലി സ്കിവർ ബ്രന്റ്, ആലിസ് കാപ്‌സി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.