കൊളംബോ: ഐസിസി വനിതാ ലോകകപ്പ് തുടർച്ചയായ മൂന്നാം ജയവുമായി ഇംഗ്ലണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ 89 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 254 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കൻ വനിതകൾക്ക് 164 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട്, ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ടിന്റെ തകർപ്പൻ സെഞ്ചുറിയുടെ (117 റൺസ്) പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് അടിച്ചു കൂട്ടി. ടാമി ബ്യൂമോണ്ട് (32), ഹീതർ നൈറ്റ് (29) എന്നിവരും ഇംഗ്ലണ്ടിനായി മികച്ച സംഭാവന നൽകി. ശ്രീലങ്കയ്ക്കായി ഇനോക റണവീര മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

254 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കക്ക് മോശമല്ലാത്ത തുടക്കമായിരുന്നെങ്കിലും പിന്നീട് ഇംഗ്ലീഷ് ബൗളിംഗിന് മുന്നിൽ തകർന്നു വീഴുകയായിരുന്നു. 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിൽ ശക്തമായിരുന്നെങ്കിലും, പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ശ്രീലങ്കൻ നിരയിൽ ഹസിനി പെരേര (35), ഹർഷിത സമരവിക്രമ (33), നിളാക്ഷി ഡി സിൽവ (23) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞത്.

ഇംഗ്ലണ്ടിനായി ഓൾറൗണ്ട് മികവ് കാഴ്ചവെച്ച സോഫി എക്ലസ്റ്റോൺ നാല് വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്കൻ നിരയെ തകർത്തു. നാറ്റ് സിവർ ബ്രണ്ട് രണ്ട് വിക്കറ്റുകളും, ചാർളി ഡീൻ, അലിസ് കാപ്‌സി, ലിൻസി സ്മിത്ത് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്.