ഇസ്ലാമാബാദ്: ക്രികറ്റ് മത്സരങ്ങളുടെ ആവേശത്തിലാണ് ആരാധകര്‍. അടുത്ത ദിവസം ആരംഭിക്കാനിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകുന്നത് പാകിസ്ഥാനാണ്. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി എത്തുന്ന മത്സരത്തില്‍ ആര് കപ്പിടിക്കും എന്ന ആകംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. എല്ലാ ടീമുകളും വലിയ തിരിച്ചടികളോടെയാണ് ഇക്കുറി മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇന്ത്യക്ക് കിട്ടിയ തിരിച്ചടി ജസ്പ്രീത് ബുംറ പരിക്ക് മൂലം മത്സരിക്കാന്‍ ഇല്ല എന്നതാണ്. ഒസീസിന് നാല് മുന്‍നിര താരങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

പാക് ടീമാണെങ്കിലും ന്യൂസിലന്‍ഡിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയാണ് ഇറങ്ങുന്നത്. ഇന്ത്യക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് ഇംഗ്ലണ്ട്. അതുകൊണ്ടു തന്നെ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിസ്റ്റുകളെ പോലും പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍, മുന്‍ പാകിസ്താന്‍ താരവും പാക് ക്രിക്കറ്റ് ബോര്‍ഡ് സെലക്ടറുമായ കംറാന്‍ അക്മല്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ കളിക്കുന്ന നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ്. ആതിഥേയ രാജ്യമായ പാകിസ്താന്‍ അക്മലിന്റെ അവസാന നാലില്‍ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയം.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാക് ടീമില്‍ നിരവധി പഴുതുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവയാണ് അക്മലിന്റെ സെമി സാധ്യത ടീമുകള്‍. 'പിഴവുകള്‍ നിറഞ്ഞതാണ് നമ്മുടെ ടീം. ബൗളിങ് നിര മികച്ചതല്ല. സ്പിന്നര്‍മാരില്ല. ഓപ്പണര്‍മാരുടെ കാര്യവും കഷ്ടമാണ്. നായകനും സെലക്ടര്‍മാരും എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. എന്നിട്ടും നമ്മുടെ ചെയര്‍മാന്‍ അത് അംഗീകരിച്ചു. കാര്യങ്ങള്‍ കണ്ടറിയേണ്ടി വരും. മറ്റു ടീമുകളെല്ലാം ഏറെക്കുറെ സംതുലിതമാണ്' -കംറാന്‍ അക്മല്‍ പറഞ്ഞു.

കൂടുതല്‍ മികച്ച ടീമിനെ തെരഞ്ഞെടുക്കാമായിരുന്നു. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ സെമിയിലെത്തും. അഞ്ചു പ്രധാന താരങ്ങളുടെ പരിക്ക് ആസ്‌ട്രേലിയയുടെ സാധ്യതകള്‍ ഇല്ലാതാക്കിയെന്നും അദ്ദേഹം പ്രതികരിച്ചു. ഈമാസം 19നാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമാകുന്നത്. 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഞായറാഴ്ചയാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം. ദുബൈയിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.