- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയുടെ ക്ഷീണം തീർത്തൊരു ത്രില്ലർ; സുര്യകുമാർ യാദവും, ഇഷാനും റിങ്കുസിങ്ങും കത്തിക്കയറിയതോടെ ഇന്ത്യക്ക് ആദ്യ ട്വന്റി-20 യിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർപ്പൻ വിജയം; സ്‌കോർ ബോർഡിൽ ചേർക്കാതെ റിങ്കുവിന്റെ സിക്‌സർ
വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിലെ ഏകപക്ഷീയ തോൽവിയുടെ ക്ഷീണം തീർത്ത് ആദ്യ ട്വന്റി 20 യിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യക്ക് രണ്ടുവിക്കറ്റിന്റ തകർപ്പൻ വിജയം. 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ രണ്ടുവിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, നായകൻ സൂര്യകുമാർ യാദവും, ഇഷാൻ കിഷനും ടീമിനെ ജയത്തിലേക്ക് നയിച്ചു. സൂര്യ 80 റൺസും, ഇഷാൻ 58 റൺസും അടിച്ചതോടെയാണ് ഇന്ത്യ ട്രാക്കിലേക്ക് തിരിച്ചെത്തിയത്.
ഒരു പന്ത് ബാക്കിനിൽക്കേ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അവസാന ഓവറിൽ വിജയത്തിലേക്ക് ഏഴു റൺസ് വേണ്ടിയിരുന്നു. രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടതോടെ കളി കൈവിട്ടുപോയെന്ന് കരുതിയെങ്കിലും അവസാന പന്തിൽ സിക്‌സറടിച്ച് റിങ്കു സിങ് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ഈ പന്ത് അംപയർ നോബോൾ വിളിച്ചതോടെ, റിങ്കുവിന്റെ സിക്‌സർ കൂടാതെ തന്നെ ഇന്ത്യ വിജയത്തിലെത്തി. ഈ സിക്‌സർ സ്‌കോർ ബോർഡിലും ചേർക്കില്ല. റിങ്കു സിങ് 14 പന്തിൽ നാലു ഫോറുകൾ സഹിതം 22 റൺസുമായി പുറത്താകാതെ നിന്നു.
ഓസീസിന് വേണ്ടി തൻവീർ സംഗ രണ്ടുവിക്കറ്റെടുത്തു. നേരത്തെ ജോഷ് ഇംഗ്ലിസ് തന്റെ കന്നി ടി-20 സെഞ്ചുറി സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. ഇന്ത്യ 19.5 ഓവറിൽ 8ന് 209.
ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. 13 റൺസുമായാണ് മാറ്റ് ഷോർട്ട് പുറത്തായതോടെയാണ് ജോഷ് എത്തുന്നത്. 50ബോളിൽ നിന്ന് 11 ഫോറും എട്ട് സിക്സുകളോടെയുമാണ് ജോഷ് 110 റൺസ് അടിച്ചുകൂട്ടിയത്. 47 പന്തിൽ സെഞ്ചറിയിലെത്തിയ ഇൻഗ്ലിസ്, രാജ്യാന്തര ട്വന്റി20യിൽ ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ ഇൻഗ്ലിസിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്.
ഓപ്പണറായി എത്തിയ സ്റ്റീവ് സ്മിത്ത് അർധസെഞ്ച്വറി നേടി. 41 ബോളിൽ നിന്ന് എട്ട് ഫോറുകളുമായി 52 റൺസാണ് താരം നേടിയത്. പ്രസിദ്ധ് കൃഷ്ണയുടെ ബോളിൽ ജോഷ് പുറത്താകുമ്പോഴേക്കും ഓസീസ് വമ്പൻ സ്‌കോറിലേക്ക് എത്തിയിരുന്നു. 19 റൺസോടെ ടിം ഡേവിഡും ഏഴ് റൺസോടെ മാർകസ് സ്റ്റൊയ്നിസും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയിയും ഓരോ വിക്കറ്റ് നേടി.
ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങൾക്കും വിശ്രമം നൽകിയാണ് ഇരുടീമുകളും ഇറങ്ങിയത്. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. കുടാതെ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ എന്നിവർ മാത്രമാണ്. മൂന്നാം ട്വന്റി 20 ശേഷം ശ്രേയസ് അയ്യർ ടീമിന്റെ ഭാഗമാകും.