- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആയിരക്കണക്കിന് കുട്ടികൾ മരിച്ചു, ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ല, ആളുകൾ അലഞ്ഞുനടക്കുന്നു'; ഇസ്രായേലിനെതിരെ ലോക മനസ്സാക്ഷി ഉണരണം; പ്രതിഷേധ ആഹ്വാനവുമായി ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള
ബാഴ്സലോണ: ഗസ്സയിലെ നിരപരാധികളായ കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ എന്നിവരെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന് ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള ആഹ്വാനം ചെയ്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും സ്പെയിനിൽ ഏറെ ആദരിക്കപ്പെടുന്ന ഫുട്ബോൾ താരവുമായിരുന്ന ഗ്വാർഡിയോള, ഭരണകൂടങ്ങളുടെ നിസ്സംഗതയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ബാഴ്സലോണയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ശനിയാഴ്ച ബാഴ്സലോണയിലെ ജാർഡിനെറ്റ്സ് ഡി ഗ്രാസിയയിൽ നടക്കുന്ന വംശഹത്യ വിരുദ്ധ റാലിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിൻ്റെ ആഹ്വാനം. "ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു കഴിഞ്ഞു, ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ്സ തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ലക്ഷക്കണക്കിന് ആളുകൾ ഇവിടെ ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണ്," ഗ്വാർഡിയോള പറഞ്ഞു.
സംഘടിതമായ പൊതു സമൂഹത്തിന് സർക്കാരുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തി വംശഹത്യക്കെതിരെ നടപടിയെടുക്കാനും ജീവൻ രക്ഷിക്കാനും കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. സയണിസ്റ്റ് വിരുദ്ധവും ഫലസ്തീൻ അനുകൂലവുമായ നിലപാടുകളിലൂടെ നേരത്തെയും പെപ് ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ ജൂണിൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ വെച്ചും അദ്ദേഹം ഇസ്രായേൽ നടപടികളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഗസ്സയിലെ കാഴ്ചകൾ വേദന നിറഞ്ഞതാണെന്നും ലോകം മൗനം വെടിയണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് ആശയധാരകളുടെ വിഷയമല്ല, മറിച്ച് ജീവിതത്തോടും അയൽക്കാരോടുമുള്ള സ്നേഹത്തെക്കുറിച്ചുള്ളതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.