- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നത്തെ ക്രിക്കറ്റ് മത്സരങ്ങളിൽ മാന്യത കുറഞ്ഞു, സുഹൃത്തുക്കളുടെ വാക്കുകൾ കേൾക്കുമ്പോൾ നാണക്കേട് തോന്നുന്നു'; മൈതാനത്ത് രാഷ്ട്രീയം പാടില്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
മുംബൈ: നിലവിലെ ക്രിക്കറ്റ് താരങ്ങളുടെ മൈതാനത്തെ പരുഷവും ധാർഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റം കളിയുടെ മാന്യതയെ തന്നെ ബാധിക്കുന്നുവെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനി. തങ്ങൾ കളിച്ചിരുന്ന കാലത്ത് മറ്റു രാജ്യങ്ങളിലെ കളിക്കാരോട് നിലനിന്നിരുന്ന സൗഹൃദ സമീപനം ഇന്നത്തെ ക്രിക്കറ്റിൽ കാണാനില്ലെന്നും ഇത് തന്നെ വലിയ നിരാശയിലാഴ്ത്തുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് കിർമാനി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മത്സരങ്ങളിലെ താരങ്ങളുടെ സമീപനത്തെ കിർമാനി വിമർശിച്ചു. ടൂർണമെന്റിൽ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടും ഇരു ടീമിലെയും കളിക്കാർക്കിടയിൽ സൗഹൃദപരമായ ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഇത് ഏഷ്യാ കപ്പിൽ മാത്രമായി ഒതുങ്ങുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഇന്നത്തെ ക്രിക്കറ്റ് മത്സരങ്ങളിൽ മാന്യത ഒരു പരിധി വരെ കുറഞ്ഞിരിക്കുന്നു. ചില ടീമുകളെ മാത്രം കുറ്റപ്പെടുത്താനില്ല, ഇതൊരു പൊതുവായ സ്ഥിതിവിശേഷമാണ്. കളിക്കാർ മൈതാനത്ത് വളരെയധികം ധാർഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഇന്ത്യൻ ടീമിന് എന്തുപറ്റിയെന്ന് ചോദിച്ച് ലോകത്ത് പലയിടത്തുമുള്ള സുഹൃത്തുക്കളിൽനിന്ന് സന്ദേശം ലഭിക്കുന്നുണ്ട്. മൈതാനത്ത് എന്തിന് രാഷ്ട്രീയം കളിക്കണമെന്നും അവർ ചോദിക്കുന്നു. സുഹൃത്തുക്കളുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നും. മൈതാനത്ത് രാഷ്ട്രീയം കളിക്കേണ്ടതില്ലെന്നും അവർ ഓർമ്മിപ്പിക്കുന്നു," കിർമാനി പറഞ്ഞു.
കായിക ലോകത്തും ക്രിക്കറ്റിലും നടക്കുന്ന ചില കാര്യങ്ങളിൽ തനിക്ക് അതീവ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക മത്സരങ്ങളിൽ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും ജയപരാജയങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കിർമാനി ആവശ്യപ്പെട്ടു. തങ്ങളുടെ കാലത്ത് കളിക്കാർക്കിടയിൽ നല്ല സൗഹൃദബന്ധങ്ങളും സ്നേഹവും ആതിഥ്യമര്യാദയും നിലനിന്നിരുന്നതായും, അന്നത്തെ അന്തരീക്ഷം ഇന്നത്തെ ക്രിക്കറ്റിൽ ലഭ്യമല്ലാത്തതിനാൽ ഒരു ക്രിക്കറ്റർ എന്ന നിലയിൽ തല കുനിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.